മുംബൈ : മൂന്നാം തവണയും പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഓഗസ്റ്റ് എട്ടിന് ആരംഭിച്ച പണനയ സമിതി യോഗം (Monetary Policy Committee) ആണ് നിലവിലെ റിപ്പോ റേറ്റ് തുടരാന്‍ തീരമാനിച്ചത്.
പണപ്പെരുപ്പം വര്‍ധിക്കുന്നുണ്ടെങ്കിലും പ്രത്യേക സാമ്പത്തിക സാഹചര്യം കണക്കിലെടുത്താണ് റിപ്പോ റേറ്റ് 6.5 ശതമാനത്തില്‍ തന്നെ തുടരാന്‍ തീരുമാനിച്ചത്. റിപ്പോ റേറ്റിന് പുറമെ, വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്ന മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റിയും മാറ്റിയിട്ടില്ല. 6.75 ശതമാനത്തില്‍ തന്നെ തുടരാനാണ് തീരുമാനം.
പണപ്പെരുപ്പം മോണിറ്റര്‍ പോളിസി കമ്മിറ്റി നിരീക്ഷിക്കുകയാണെന്നും പണപ്പെരുപ്പ നിരക്ക് കുറക്കുന്നതിനുള്ള നടപടി സ്വീകരിക്കുെമന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിന് ശേഷം റിപ്പോ നിരക്കില്‍ 2.50 ശതമാനത്തിന്‍റെ വര്‍ധനവ് ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ട് മോണിറ്ററി പോളിസി കമ്മിറ്റികളിലും റിപ്പോ നിരക്ക് വര്‍ധിപ്പിച്ചിരുന്നില്ല.
മോണിറ്ററി പോളിസി കമ്മിറ്റി നിരീക്ഷണങ്ങള്‍ :
- 2023-24 വര്‍ഷത്തെ വളര്‍ച്ച അനുമാനം 6.5 ശതമാനമായി നിലനിര്‍ത്തുന്നു
- തക്കാളി വിലയിലെ കുതിച്ചു ചാട്ടവും ധാന്യങ്ങളുടെയും പയറുവര്‍ഗങ്ങളുടെയും വിലവര്‍ധനവും പണപ്പെരുപ്പത്തിന് കാരണമായി. പച്ചക്കറി വിലയില്‍ കാര്യമായ ഇടപെടല്‍ ഉണ്ടാകും
- പച്ചക്കറി വിലക്കയറ്റത്തെ തുടര്‍ന്ന് 5.1 ശതമാനം ആയിരുന്ന റീട്ടെയില്‍ ഇന്‍ഫ്ലേഷന്‍ പ്രൊജക്ഷന്‍ 5.4 ശതമാനമാക്കി ഉയര്‍ത്തി
- ക്രൂഡോയില്‍ വില അടുത്തകാലത്തായി ഉയരുന്നു. ഡിമാന്‍ഡ്-സപ്ലൈ എന്നിവയിലെ അനിശ്ചിതത്വം ക്രൂഡോയിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു
- 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതും സര്‍ക്കാരിന്‍റെ ലാഭിഹിതവും മൂലം മിച്ച പണ ലഭ്യതയുടെ തോത് കുറഞ്ഞു
റിപ്പോ നിരക്ക് എന്നാല്‍:റിസര്‍വ് ബാങ്ക്, ബാങ്കുകള്‍ക്ക് വായ്‌പ നല്‍കുന്നതിലെ പലിശ നിരക്കിനെ റിപ്പോ നിരക്ക് എന്നു പറയുന്നു. റിപ്പോ നിരക്ക് കുറയ്‌ക്കുമ്പോള്‍ ബാങ്കുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് വായ്‌പ ലഭിക്കും. റിപ്പോ നിരക്ക് കുറയുന്നത് സാധാരണക്കാരനും ഉപകാരപ്രദമാണ്. കാരണം കുറഞ്ഞ പലിശയില്‍ ബാങ്കുകള്‍ക്ക് വായ്‌പ ലഭിക്കുമ്പോള്‍ ബാങ്കുകള്‍ കുറഞ്ഞ പലിശ നിരക്കില്‍ ഉപഭോക്താക്കള്‍ക്കും വായ്‌പകള്‍ നല്‍കും.
അതേസമയം, ഇക്കഴിഞ്ഞ മെയില്‍ 2000 രൂപ നോട്ട് പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. കറൻസി മാനേജ്‌മെന്‍റ് പദ്ധതിയുടെ ഭാഗമായാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം എടുത്തതെന്നും അതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ ബാങ്കുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കുകയുണ്ടായി. എന്നിരുന്നാലും വ്യാപക വിമര്‍ശനങ്ങളാണ് റിസര്‍വ് ബാങ്ക് നേരിട്ടത്.
നോട്ട് നിരോധന സമയത്ത് സമ്പദ്‌വ്യവസ്ഥയിലെ കറന്‍സി ക്ഷാമം ഇല്ലാതാക്കാനാണ് അതേവര്‍ഷം നവംബറില്‍ തന്നെ 2000 രൂപ നോട്ട് അവതരിപ്പിച്ചത് എന്നായിരുന്നു ആര്‍ബിഐയുടെ വിശദീകരണം. ആ ലക്ഷ്യം കൈവരിച്ചു എന്നുെ മറ്റ് മൂല്യത്തിലുള്ള കറന്‍സി നോട്ടുകള്‍ സമ്പദ്‌വ്യവസ്ഥയില്‍ ആവശ്യത്തിന് ലഭ്യമാകുന്നുമുണ്ട് എന്നതും കണക്കിലെടുത്താണ് 2000 രൂപ നോട്ട് തിരിച്ചെടുക്കുന്നത് എന്നും ആര്‍ബിഐ വ്യക്തമാക്കി. നിലവില്‍ 2000 രൂപ നോട്ടുകള്‍ ഇടപാടുകളില്‍ ഉപയോഗിക്കാമെങ്കിലും വരുന്ന സെപ്‌റ്റംബറിന് മുമ്പായി നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ വേണം.