മുംബൈ:അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റിപ്പോ നാല് ശതമാനമായും റിവേഴ്‌സ് റിപ്പോ 3.35 ശതമാനമായും തുടരും. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ് റിപ്പോ. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ പണം നിക്ഷേപിക്കുമ്പോള്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ.
തുടര്‍ച്ചയായ പത്താം തവണയാണ് അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെയുള്ള റിസര്‍വ് ബാങ്ക് മോണിറ്ററി പൊളിസി കമ്മിറ്റിയുടെ (Monetary Policy Committee) തീരുമാനം. റിപ്പോ നിരക്കുകളില്‍ അവസാനമായി മാറ്റം വരുത്തിയത് 2020 മെയ് 22നാണ്. സമ്പദ് വ്യവസ്ഥയില്‍ ഉപഭോഗം വര്‍ധിക്കാനായി ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ റിപ്പോനിരക്ക് അന്ന് ആര്‍ബിഐ നിശ്ചയിക്കുകയായിരുന്നു.
2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷമുള്ള മോണിറ്ററി പോളിസി കമ്മfറ്റിയുടെ ആദ്യ യോഗമാണ് ഇന്ന് നടന്നത്. രണ്ട് മാസം കൂടുമ്പോഴാണ് മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേര്‍ന്ന് അടിസ്ഥാന പലിശ നിരക്കുകള്‍ പ്രഖ്യാപിക്കുക. സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമാവാന്‍ വേണ്ടി മോണിറ്ററി പോളിസി കമ്മിറ്റിയിലെ എല്ലാവരും അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ട എന്ന തീരുമാനം അംഗീകരിക്കുകയായിരുന്നുവെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
മോണിറ്ററി പോളിസിയുടെ അധ്യക്ഷന്‍ ആര്‍ബിഐ ഗവര്‍ണറാണ്. നടപ്പു സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് 9.2 ശതമാനവും പണപ്പെരുപ്പം 5.3 ശതമാനവുമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് കണക്കാക്കുന്നു. റീട്ടെയില്‍ വിലക്കയറ്റം (Retail inflation) അഞ്ച് മാസത്തിലെ ഏറ്റവും ഉയര്‍ന്ന 5.59 ശതമാനത്തില്‍ ഈ കഴിഞ്ഞ ഡിസംബറില്‍ എത്തിയിരുന്നു. കഴിഞ്ഞ നവംബറില്‍ ഇത് 4.91 ശതമാനമായിരുന്നു.
ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നതാണ് റീട്ടെയില്‍ വിലക്കയറ്റം വര്‍ധിക്കാന്‍ കാരണമായത്. പ്രതിവര്‍ഷ പണപ്പെരുപ്പം (annual inflation) ഒരു നിശ്ചിത പരിധിയില്‍ നിലനിര്‍ത്താനുള്ള ബാധ്യത മോണിറ്ററി പോളിസി കമ്മിറ്റിക്കുണ്ട്. പ്രതിവര്‍ഷ പണപ്പെരുപ്പം ആറ് ശതമാനത്തില്‍ കൂടുതലോ രണ്ട് ശതമാനത്തില്‍ കുറവോ ആവാന്‍ പാടില്ല.