മുംബൈ:റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ തന്നെ തുടരും. തുടര്‍ച്ചയായ പതിനൊന്നാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ തന്നെ തുടരുന്നത്. റിവേഴ്‌സ് റിപ്പോ നിരക്കിലും മാറ്റമില്ല.
3.35 ശതമാനമാണ് റിവേഴ്‌സ് റിപ്പോ നിരക്ക്. രണ്ട് മാസം കൂടുമ്പോഴാണ് റിപ്പോ നിരക്കുകള്‍ റിസര്‍വ് ബാങ്ക് പുനരവലോകനം ചെയ്യുക. 2022-2023 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയിന്‍ മേലുള്ള പ്രവചനത്തില്‍ റിസര്‍വ് ബാങ്ക് കുറവു വരുത്തി.
7.8 ശതമാനം വളര്‍ച്ച നേടുമെന്ന പ്രവചനത്തില്‍ നിന്ന് 7.2 ശതമാനമായാണ് കുറച്ചത്. അതേസമയം പണപ്പെരുപ്പത്തിന്‍ മേലുള്ള പ്രവചനത്തില്‍ വര്‍ധനവ് വരുത്തി. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 5.7ശതമാനമായിരിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്‍റെ പുതിയ പ്രവചനം. നേരത്തെ ഇത് 4.5 ശതമാനമായിരുന്നു.
ഒമിക്രോണ്‍ തരംഗ കുറഞ്ഞത് മൂലം ആഗോള സമ്പദ്‌വ്യവസ്ഥ കരകയറുമെന്ന പ്രതീക്ഷ യുക്രൈന്‍ റഷ്യ യുദ്ധം ഇല്ലാതാക്കിയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു. "സമ്പദ്‌വ്യവസ്ഥ നേരിടുന്നത് പുതിയ വലിയ വെല്ലുവിളികളാണ്. യുക്രൈന്‍ റഷ്യ സംഘര്‍ഷം ആഗോള സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിക്കും", ശക്തികാന്ത് ദാസ് പറഞ്ഞു.
വാണിജ്യ ബാങ്കുകള്‍ക്ക് പണം കടംകൊടുക്കുമ്പോള്‍ റിസര്‍വ് ബാങ്ക് ചുമത്തുന്ന പലിശയാണ് റിപ്പോ നിരക്ക്. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ പണം നിക്ഷേപിക്കുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ. സാമ്പത്തിക വളര്‍ച്ചയെ സഹായിക്കാനായി 2020 മെയ് മുതല്‍ റിപ്പോ നിരക്കുകള്‍ റിസര്‍വ് ബാങ്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിലനിര്‍ത്തുകയാണ്. പണപ്പെരുപ്പം 2 -6 ശതമാനത്തിനുള്ളില്‍ നിലനിര്‍ത്തുക റിസര്‍വ് ബാങ്കിന്‍റെ ബാധ്യതയാണ്.