മുംബൈ: റിപ്പോ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക്. 35 ബേസിസ് പോയിന്‍റിന്‍റെ വര്‍ധനയാണ് ആര്‍ബിഐ വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി ഉയര്‍ന്നു. ഇന്ന് അവസാനിച്ച മൂന്ന് ദിവസത്തെ സമ്മേളനത്തിന് ശേഷമാണ് തീരുമാനം.
മോണിറ്ററി പോളിസി കമ്മിറ്റിയിലെ ആറ് അംഗങ്ങളില്‍ അഞ്ച് പേരും തീരുമാനത്തെ അനുകൂലിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് യോഗത്തിൽ അറിയിച്ചു. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ധിപ്പിക്കുന്നത്. മെയ് മാസത്തില്‍ 40 ബേസിസ് പോയിന്‍റുകളും ജൂണ്‍, സെപ്‌റ്റംബര്‍ മാസങ്ങളില്‍ 50 പോയിന്‍റുകളും ഉയര്‍ത്തിയതിന് ശേഷമാണ് നിലവില്‍ 35 ബേസിസ് പോയിന്‍റുകള്‍ ഉയര്‍ത്തിയത്.
രാജ്യത്തെ ആഭ്യന്തര റീട്ടെയില്‍ പണപ്പെരുപ്പം കുറക്കുന്നതിനായി മെയ് മുതല്‍ പോളിസി നിരക്ക് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഒക്‌ടോബറിലെ റീട്ടെയില്‍ പണപ്പെരുപ്പം മുന്‍ മാസത്തെ 7.41 ശതമാനത്തില്‍ നിന്നും 6.77 ശതമാനമായിരുന്നു. ഇതാണ് റിപ്പോ നിരക്ക് വര്‍ധനയില്‍ കുറവ് വരാന്‍ കാരണം. ആര്‍ബിഐയുടെ പണപ്പെരുപ്പ ലക്ഷ്യം ആറ് ശതമാനമാണ്.
നിരക്ക് വര്‍ധിപ്പിച്ച ശേഷവും പണപ്പെരുപ്പത്തില്‍ ഗണ്യമായ കുറവ് വരാത്തതില്‍ ചര്‍ച്ച നടത്തുന്നതിനും കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുന്നതിനുമായി റിസര്‍വ് ബാങ്ക് നവംബറില്‍ യോഗം ചേര്‍ന്നിരുന്നു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്‌പ നല്‍കുന്ന നിരക്കാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് വര്‍ധിച്ചതോടെ ബാങ്കില്‍ നിന്നെടുത്ത വായ്‌പകളുടെ പലിശ നിരക്ക് വര്‍ധിക്കും.