ന്യൂഡല്‍ഹി: അപ്രതീക്ഷിതമായാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) പ്രഖ്യാപിച്ചത്. നാല് മാസങ്ങള്‍ക്കുള്ളില്‍, അതായത് ഈ വര്‍ഷം സെപ്‌റ്റംബര്‍ 30ന് ഉള്ളില്‍ 2000 രൂപയുടെ നോട്ട് കൈവശമുള്ളവര്‍ അവ മാറിയെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഓഹരി വിപണിയിലെ പ്രതികൂലമായ ആഘാതം ഒഴിവാക്കാനാണ് നോട്ട് പിന്‍വലിക്കുന്നതെന്ന് ആര്‍ബിഐ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷമായ കോണ്‍ഗ്രസ് കേന്ദ്രത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുകയാണ്.
2016 നവംബര്‍ എട്ടിനായിരുന്നു രാജ്യത്ത് 500 ന്‍റെയും 1000ന്‍റെയും നോട്ടുകള്‍ നിരോധിച്ചുകൊണ്ട് പ്രഖ്യാപനം ഉണ്ടായത്. വളരെ അപ്രതീക്ഷിതമായ പ്രഖ്യാപനമായിരുന്നു അന്ന് നടന്നത്. ഇപ്പോള്‍ 2000 രൂപ നോട്ട് പിന്‍വലിക്കാനുള്ള പ്രഖ്യാപനം ഉണ്ടായതോടെ 2016 ലെ നോട്ടു നിരോധനം ഓര്‍മപ്പെടുത്തി കൊണ്ടാണ് പ്രതിപക്ഷവും മറ്റ് പല നിരീക്ഷകരും വിമര്‍ശനം ഉന്നയിക്കുന്നത്.
ബാങ്കുകളുടെ ബാങ്ക്: രാജ്യത്ത് ബാങ്ക് നോട്ടുകളുടെ വിതരണം നിയന്ത്രിക്കുന്നതിനും കരുതൽ ശേഖരം സൂക്ഷിക്കുന്നതിനുമായി 1934-ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്‌ട് പ്രകാരമാണ് ആർബിഐ സ്ഥാപിതമായത്. ഇന്ത്യയിൽ പണ സ്ഥിരത ഉറപ്പാക്കുകയും രാജ്യത്തിന്‍റെ കറൻസിയും ക്രെഡിറ്റ് സംവിധാനവും രാജ്യത്തിന്‍റെ നേട്ടത്തിനായി പ്രവർത്തിപ്പിക്കുകയും ചെയ്യുക എന്നതാണ് ആർബിഐ ആക്‌ടിന്‍റെ ലക്ഷ്യം. ആര്‍ബിഐ നിയമത്തിലെ സെക്ഷൻ 22 പ്രകാരം ബാങ്ക് നോട്ടുകൾ പുറത്തിറക്കാനുള്ള രാജ്യത്തെ ഏക അധികാര കേന്ദ്രമാണ് ആര്‍ബിഐ. പുറത്തിറക്കിയ ബാങ്ക് നോട്ടുകള്‍ നിരോധിക്കാനും പ്രചാരത്തിലുള്ള നോട്ടുകള്‍ പിന്‍വലിക്കാനുമുള്ള അധികാരവും റിസര്‍വ് ബാങ്കിന് തന്നെ.
എന്തുകൊണ്ട് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നു: 2016 ല്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം സമ്പദ്‌വ്യവസ്ഥയിലെ കറന്‍സി ക്ഷാമം ഇല്ലാതാക്കാനാണ് അതേവര്‍ഷം നവംബറില്‍ തന്നെ 2000 രൂപ നോട്ട് അവതരിപ്പിച്ചത് എന്നാണ് ആര്‍ബിഐ നല്‍കുന്ന വിശദീകരണം. നിലവില്‍ ആ ലക്ഷ്യം കൈവരിച്ചു. കൂടാതെ മറ്റ് മൂല്യത്തിലുള്ള കറന്‍സി നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാകുന്നുമുണ്ട്. പ്രധാനമായും ഈ രണ്ട് കാരണങ്ങളാണ് 2000 രൂപ നോട്ട് പിന്‍വലിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഉയര്‍ത്തിക്കാട്ടുന്ന കാരണങ്ങള്‍. 500, 200, 100 നോട്ടുകള്‍ ലഭ്യമാക്കിയതിന് പിന്നാലെ 2018-19 സാമ്പത്തിക വര്‍ഷം മുതല്‍ 2000 രൂപ നോട്ടിന്‍റെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തിവച്ചിരുന്നു.