മുംബൈ: ഇന്ത്യൻ ബാങ്കിങ് സംവിധാനം വലുപ്പമേറിയതും സുശക്തമാര്‍ന്നതുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചുവെന്ന അദാനി ഗ്രൂപ്പിനെതിരായ ആരോപണം യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ആര്‍ബിഐ മേധാവി പ്രസ്‌താവനയിലൂടെ ഇന്ത്യൻ ബാങ്കിങ് സംവിധാനത്തെക്കുറിച്ച് വ്യക്തത വരുത്തിയത്.
'ഇന്ത്യൻ ബാങ്കിങ് സംവിധാനം വലുതും സുശക്തവും, വ്യക്തിയുടെ പ്രതിസന്ധി ബാധിക്കില്ല'; അദാനി വിവാദത്തില്‍ ആര്‍ബിഐ
അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് രാജ്യത്ത് ബാങ്കിങ് മേഖലയിലടക്കം ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് ആര്‍ബിഐ ഗവർണർ ശക്തികാന്ത ദാസിന്‍റെ വിശദീകരണം
ഏത് പ്രതിസന്ധികളെയും അതിജീവിക്കാന്‍ കഴിയുന്നതാണ് ഇവിടുത്തെ ബാങ്കിങ് മേഖല. ഏതെങ്കിലും വ്യക്തികള്‍ക്ക് പ്രതിസന്ധിയുണ്ടാവുമ്പോള്‍ ബാധിക്കുന്നതല്ല നമ്മുടെ സംവിധാനമെന്നും ആര്‍ബിഐ ഗവർണർ ചൂണ്ടിക്കാട്ടി. 'അദാനി വിവാദം' നേരിട്ട് സൂചിപ്പിക്കാതെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇതേക്കുറിച്ച് തങ്ങളുടെ ഭാഗത്തെക്കുറിച്ച് വിശദീകരണം നല്‍കിയത്.
ഈ സംഭവത്തില്‍ രാജ്യത്ത് വലിയ ആശങ്ക സൃഷ്‌ടിച്ച സാഹചര്യത്തില്‍ നേരത്തേയും ആര്‍ബിഐ പ്രസ്‌താവന പുറത്തിറക്കിയിരുന്നു. വിവിധ മാനദണ്ഡങ്ങള്‍ പ്രകാരം ബാങ്കിങ് മേഖലയിലെ മൂലധന സ്ഥിരത ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു ഈ വിശദീകരണം. വിവിധ ബാങ്കുകള്‍ അദാനി ഗ്രൂപ്പിന് നല്‍കിയ വായ്‌പാവിവരവും ആര്‍ബിഐ ശേഖരിച്ചിരുന്നു.