ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് ഓഫ് കമ്പനികള്‍ക്ക് അനുവദിച്ച വായ്‌പയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഓഹരി വിപണിയില്‍ കൂപ്പുകുത്തുകയും ഫോളോ ഓണ്‍ പബ്ലിക് ഓഫറിങ്ങിലൂടെ (എഫ്‌പിഒ) നേടിയ 20,000 കോടി രൂപ പിന്‍വലിക്കുകയും ചെയ്‌ത സമയത്താണ് അദാനി ഗ്രൂപ്പിന് നല്‍കിയ വായ്‌പകളുടെ വിവരങ്ങള്‍ നല്‍കാന്‍ രാജ്യത്തെ എല്ലാ ബാങ്കുകളോടും ആര്‍ബിഐ ആവശ്യപ്പെട്ടത്. അതേസമയം അദാനി ഗ്രൂപ്പിന്‍റെ മൊത്തം കടബാധ്യതയായ രണ്ട് ലക്ഷം കോടി രൂപയുടെ 40 ശതമാനവും രാജ്യത്തെ ബാങ്കുകളില്‍ നിന്നെടുത്തതാണെന്നാണ് കണക്കുകള്‍.
അകത്തും പുറത്തും പൂട്ട്:എന്നാല്‍ കഴിഞ്ഞയാഴ്‌ചയാണ് അദാനി ഗ്രൂപ്പിനെതിരെ ഓഹരിയില്‍ കൃത്രിമത്വം കാണിച്ചുവെന്നതുള്‍പ്പടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന ആരോപണവുമായി യു.എസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് രംഗത്തെത്തിയത്. എന്നാല്‍ ഇത് കാര്യമാക്കേണ്ടതില്ലെന്നും കള്ളമാണെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്‍റെ വിശദീകരണം. എന്നാല്‍ ഇതിന് പിന്നാലെ സ്വിറ്റ്‌സര്‍ലന്‍ഡ് കേന്ദ്രീകൃതമായ ക്രെഡിറ്റ് സ്യൂസ് അദാനി കമ്പനികളുടെ ബോണ്ടുകള്‍ പരിഗണിച്ച് ലോണുകള്‍ നല്‍കാതെയും, അമേരിക്കന്‍ ഫിന്‍കോര്‍പ് ഭീമനായ സിറ്റി ഗ്രൂപ്പ് വെൽത്ത് അദാനി ഗ്രൂപ്പ് കമ്പനികളുടെ സെക്യൂരിറ്റികള്‍ക്ക് മാര്‍ജിനല്‍ ലോണുകള്‍ നിര്‍ത്തലാക്കുകയും ചെയ്‌തതിനു പിന്നാലെയാണ് ആര്‍ബിഐയുടെ വിവരാന്വേഷണം എന്നതും ശ്രദ്ധേയമാണ്.
വിശ്വാസം അതല്ലേ എല്ലാം: കഴിഞ്ഞ ജനുവരി 24 നാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനി ഗ്രൂപ്പിനെതിരെ സ്‌ഫോടനാത്മകമായ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതോടെ ലോക കോടീശ്വരന്മാരുടെ പട്ടികയിലെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനിക്ക് കാലിടറുകയായിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ട പട്ടികയില്‍ അദാനി 16 ആം സ്ഥാനത്താണുള്ളത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഓഹരി വിപണിയില്‍ താഴോട്ട് പോയതോടെ എഫ്‌പിഒ പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്‌ത് മുന്നോട്ടുപോവാനാകാതെ വന്നു. തുടര്‍ന്ന് എഫ്‌പിഒ പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായ കമ്പനി എന്നാലിത് നിക്ഷേപകരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കമാണെന്നാണ് അറിയിച്ചിരുന്നത്.
അടിത്തറ ശക്തമാണ്?: എഫ്‌പിഒ സബ്‌സ്‌ക്രൈബ് ചെയ്‌തതിന് ശേഷം അത് പിൻവലിക്കാനുള്ള തീരുമാനം പലരെയും അത്ഭുതപ്പെടുത്തിയിരിക്കും. എന്നാല്‍ ഇന്നലെ വിപണിയിലുണ്ടായ ചാഞ്ചാട്ടം പരിഗണിച്ചപ്പോള്‍ എഫ്‌പിഒയുമായി മുന്നോട്ട് പോകുന്നത് ധാർമ്മികമായി ശരിയല്ലെന്ന് ബോർഡിന് തോന്നി എന്നാണ് അദാനി ഇതെക്കുറിച്ച് പ്രതികരിച്ചത്. എന്നാല്‍ ഈ തീരുമാനം നിലവിലുള്ള പ്രവർത്തനങ്ങളെയും ഭാവി പദ്ധതികളെയും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല കമ്പനിയുടെ അടിത്തറ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
ഒന്നും കാണാതെ 'സെബി': അതേസമയം അദാനി ഗ്രൂപ്പ് ഓഹരിയില്‍ നേരിടുന്ന ഇടിവിന്‍റെയും എഫ്‌പിഒ പിന്‍വലിച്ചതിന്‍റെയും ഭാഗമായി നിലവില്‍ ഇതുവരെ സെക്യൂരിറ്റീസ് ആന്‍റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ആര്‍ബിഐ ബാങ്കുകളോട് കമ്പനിക്ക് നല്‍കിയ വായ്‌പകളുടെ വിവരം തേടിയ പശ്ചാത്തലത്തില്‍ സെബി എന്ത് നിലപാട് എടുക്കുമെന്നതും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.