ന്യൂഡല്‍ഹി: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രവി സിൻഹയെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ (റോ) തലവനായി നിയമിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. 1988 ബാച്ച് ഇന്ത്യൻ പൊലീസ് സർവീസ് ഉദ്യോഗസ്ഥനായ രവി സിൻഹ ഛത്തീസ്‌ഗഡ് കേഡറിലാണ് ജോലിയില്‍ പ്രവേശിച്ചത്. നിലവില്‍ കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സ്പെഷ്യല്‍ സെക്രട്ടറിയാണ്. റിസർച്ച് ആൻഡ് അനാലിസിസ് വിങിന്‍റെ (റോ) Research and Analysis Wing (RAW) തലവനായി രണ്ട് വർഷം രവി സിൻഹയ്ക്ക് തുടരാനാകും.
കേന്ദ്ര പേഴ്‌സണല്‍ കാര്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. രണ്ട് വർഷമായി സിൻഹ ഇന്ത്യയുടെ അഭിമാന അന്വേഷണ ഏജൻസിയായ 'റോ'യ്ക്ക് ഒപ്പമുണ്ട്. റോയുടെ ഓപ്പറേഷൻ വിങിലായിരുന്നു ഇതുവരെ സിൻഹ പ്രവർത്തിച്ചിരുന്നത്. ജമ്മു കശ്‌മീർ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ, വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം സിൻഹ Research and Analysis Wing (RAW) 'റോ'യ്ക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ സിഖ് തീവ്രവാദം ശക്തിപ്പെട്ടപ്പോൾ അതിനെ പ്രതിരോധിക്കുന്നതില്‍ റോയെ നയിച്ചത് രവി സിൻഹയാണ്.
സമന്ത് കുമാർ ഗോയല്‍ വിരമിക്കുന്ന ഒഴിവിലാണ് രവി സിൻഹ റോയുടെ തലപ്പത്തേക്ക് വരുന്നത്. 2019ലെ ബാലകോട്ട് സർജിക്കല്‍ സ്ട്രൈക്കില്‍ അടക്കം ഇന്ത്യയുടെ ബുദ്ധികേന്ദ്രമായിരുന്ന ഗോയല്‍ വിരമിക്കുമ്പോൾ രവി സിൻഹയ്ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങളാണുള്ളത്.
2019 ഫെബ്രുവരി 25നായിരുന്നു പുല്‍വാമയിലെ 40 സിആര്‍പിഎഫ് ഭടന്മാരുടെ ജീവനെടുത്ത ജെയ്‌ഷ മുഹമ്മദിന്‍റെ ചാവേര്‍ ആക്രമണം. രാജ്യത്തെ ഒന്നടങ്കം കണ്ണീരിലാഴ്‌ത്തിയ ഈ ഭീകരാക്രമണത്തിന് പ്രതികാരമായി പാക് അതിര്‍ത്തി കടന്നുളള വ്യോമാക്രമണത്തിലൂടെ ഇന്ത്യ തിരിച്ചടിച്ചതാണ് ബാലകോട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്ക്. അന്ന് ജെയ്‌ഷെ ഭീകരരുടെ എറ്റവും വലിയ താവളം തകര്‍ത്ത് തരിപ്പണമാക്കി കൊണ്ട് ഇന്ത്യന്‍ സേന പ്രതികാരം തീര്‍ത്തു.
ശത്രുക്കള്‍ക്ക് മേല്‍ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സേന ബാലകോട്ടും സമീപ പ്രദേശങ്ങളുമാണ് തിരഞ്ഞെടുത്തത്. പാക്ക് അധിനിവേശ കശ്‌മീരില്‍ ഇന്ത്യ പലവട്ടം ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും അതിര്‍ത്തി കടന്ന് 50 മൈല്‍ സഞ്ചരിച്ച് ഒരു ആക്രമണം നടത്തിയത് 47 വര്‍ഷത്തിന് ശേഷം ഇത് ആദ്യമായിരുന്നു. പാകിസ്ഥാനിലെ ബാലകോട്ടിലും തൊട്ടടുത്തുളള മേഖലകളിലുമായിരുന്നു ഇന്ത്യ ആക്രമണം നടത്തിയത്.
മിറാഷ് 2000 എയര്‍ക്രാഫ്‌റ്റ് ഉപയോഗിച്ച് നടത്തിയ വ്യോമാക്രമണത്തില്‍ 1,000 കിലോ ബോംബുകളാണ് തീവ്രവാദി ക്യാമ്പുകള്‍ തകര്‍ക്കാന്‍ ഇന്ത്യ ഉപയോഗിച്ചത്. അന്ന് നിരവധി തീവ്രവാദികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജെയ്‌ഷയുടെ എറ്റവും വലിയ ഭീകര പരിശീലന കേന്ദ്രമായിരുന്നു ഇന്ത്യ തകര്‍ത്തത്. പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് തിരിച്ചടിയുണ്ടാവുമെന്ന് ഇന്ത്യ നേരത്തെ തന്നെ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹരിയാനയിലെ അംബാലയിലെ എയര്‍ബേസില്‍ നിന്നാണ് 12 മിറാഷ്-2000 വിമാനങ്ങളോടെ വ്യോമസേന സംഘം പുറപ്പെട്ടത്. പാക് മണ്ണിലെ മൂന്ന് ഭീകരകേന്ദ്രങ്ങള്‍ തകര്‍ന്ന സംഘം മുപ്പത് മിനിറ്റിനകം ഓപ്പറേഷന്‍ അവസാനിപ്പിക്കുകയും ചെയ്‌തു. 21 മിനിറ്റ് നീണ്ട ഓപ്പറേഷന്‍ ആണ് പാക് മണ്ണില്‍ അന്ന് വ്യോമസേന നടത്തിയത്.