മുംബൈ: കുതിരച്ചന്തയ്ക്ക് പ്രസിദ്ധമാണ് മഹാരാഷ്‌ട്രയിലെ നന്ദുർബാർ ജില്ലയിലെ സാരങ്കേഡ യാത്ര. വിവിധയിനത്തിലുള്ള കുതിരകളാണ് ഓരോ വർഷവും ഇവിടെ വിൽക്കുന്നത്. നാസിക് സ്വദേശി അസദ് സയ്യിദ് കൊണ്ടുവന്ന 'രാവൺ' കുതിരയാണ് ഇത്തവണത്തെ കുതിര ചന്തയിലെ താരം.
ആദ്യമായാണ് അസദ് സാരങ്കേഡ കുതിരച്ചന്തയിൽ കുതിരകളുമായെത്തുന്നത്. ആകെ 10 കുതിരകളെയാണ് അസദ് ചന്തയിൽ എത്തിച്ചിരിക്കുന്നത്. അസദിന്‍റെ ഓരോ കുതിരയും വിഭിന്നവും ആകർഷകവുമാണ്. അവയുടെ വിലയും വളരെ കൂടുതലാണ്.
രാവൺ കുതിരക്കാണ് ഏറ്റവും വില. അഞ്ച് കോടി വരെ നൽകാൻ ആളുകൾ തയാറായിട്ടും അത് വളരെ കുറവാണെന്നാണ് അസദ് പറയുന്നത്. അഞ്ച് കോടിയിലധികം വില വരുന്ന രാവൺ കുതിരകളെ ആര് വാങ്ങും എന്ന് കാത്തിരിക്കുകയാണ് കുതിരപ്രേമികൾ.
പ്രശസ്‌തമായ സാരങ്കേഡ കുതിരച്ചന്തയ്ക്ക് ഈ വർഷം അനുമതി ലഭിച്ചതോടെ 2000ലധികം കുതിരകളെയാണ് വിൽപനയ്ക്കായി എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 278 കുതിരകളെ വിറ്റു. ഒരു കോടിയിലധികം രൂപയുടെ വിറ്റുവരവാണ് ഇതുവരെ ഉണ്ടാക്കിയിരിക്കുന്നത്. നാസികിൽ നിന്നും കൊണ്ടുവന്ന റുസ്‌തം, രാവണൻ, ബുലന്ദ് എന്നീ കുതിരകളും ചന്തയുടെ പ്രധാന ആകർഷകമാണ്.