കാങ്കെർ:ഛത്തീസ്‌ഗഡിലെ കാങ്കെർ ജില്ലയിൽ അപൂർവയിനമായ 'ഹണി ബാഡ്‌ജർ' (Honey Badger) എന്ന ജീവിയെ കണ്ടെത്തി. ജില്ലയിലെ ദുധാവ ഫോറസ്റ്റ് റേഞ്ചിനു കീഴിലുള്ള കോതാൽഭട്ടി ഗ്രാമത്തിൽ കണ്ടെത്തിയ ജീവി ഗ്രാമവാസികളെ ഭീതിയിലാഴ്‌ത്തി. അപൂർവയിനം മൃഗം റോഡരികിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഗ്രാമവാസികൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും തുടർന്ന് ഉദ്യോഗസ്ഥരെത്തി കൊണ്ടുപോകുകയുമായിരുന്നു.
ഛത്തീസ്‌ഗഡിലെ കാങ്കെർ ജില്ലയിൽ ഹണി ബാഡ്‌ജറെ കണ്ടെത്തി 'റേറ്റൽ' (Ratel) എന്നും കരടിയോട് സാദൃശ്യമുള്ളതിനാൽ 'തറക്കരടി' എന്നും അറിയപ്പെടുന്ന ഹണി ബാഡ്‌ജറിന് ആരെയും ഭയക്കാത്ത പ്രകൃതമാണ്. മസ്‌റ്റെലിഡേ (Mustelidae) കുടുംബത്തിൽപ്പെട്ട മാംസഭോജിയായ ഈ സസ്‌തനിയുടെ ശാസ്‌ത്രീയനാമം 'മെല്ലിവൊറ കേപ്പൻസിസ്' (Mellivora capensis) എന്നാണ്.
ഭയമെന്തെന്നറിയാത്ത ജീവി:ഭയമെന്തെന്നറിയാത്ത ഹണി ബാഡ്‌ജറിന് മുന്നിൽ പലപ്പോഴും സിംഹവും കടുവയും വരെ പേടിച്ചുവിറച്ചു നിൽക്കാറുണ്ട്. ലോകത്ത് ഏറ്റവും ആക്രമണകാരിയും ആരെയും ഭയക്കാത്തതുമായ ഹണി ബാഡ്‌ജർ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിലും ഇടം നേടിയിട്ടുണ്ട്. സൗന്ദര്യവർധക വസ്‌തുക്കളുടെ നിർമാണത്തിനും മറ്റും ഇവയുടെ തൊലി, രോമം മുതലായവ ഉപയോഗിക്കാറുള്ളതിനാൽ ഹണി ബാഡ്‌ജർ വ്യാപകമായി വേട്ടയാടപ്പെടാറുണ്ടെന്നും ഇവയെ വംശനാശ ഭീഷണി നേരിടുന്ന വിഭാഗമായാണ് കണക്കാക്കിയിട്ടുള്ളതെന്നും കാങ്കെർ ജില്ല വനംവകുപ്പ് ഓഫിസർ അലോക് ബാജ്പേയ് അവകാശപ്പെട്ടു.
രക്ഷപ്പെടാൻ ഏതടവും പയറ്റും: "ഹണി ബാഡ്‌ജറെ ഒരു മുറിയിൽ പൂട്ടിയിടുകയാണെങ്കിൽ അത് ഏത് മാർഗം സ്വീകരിച്ചും പുറത്തുചാടും. കതക് പൊളിച്ചോ, കല്ല് കൊണ്ട് അടിച്ചോ, നിലം കുഴിച്ച് തുരങ്കം ഉണ്ടാക്കിയോ ഒക്കെ ഇവ രക്ഷപ്പെട്ടേക്കാം. ആദ്യം സാഹചര്യവും ചുറ്റുപാടുകളും മനസിലാക്കുകയും തുടർന്ന് രക്ഷപ്പെടാനുള്ള പദ്ധതികൾ തയാറാക്കുകയും ചെയ്യുന്നതാണ് ഹണി ബാഡ്‌ജറുകളുടെ രീതി", ബാജ്പേയ് പറയുന്നു.
ഇന്ത്യയില്‍ വളരെ അപൂർവം:ഇന്ത്യയിൽ പല ഭാഗങ്ങളിലും വളരെ അപൂർവമായി ഹണി ബാഡ്‌ജർ കാണപ്പെടാറുണ്ട്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ 1 മൃഗങ്ങളുടെ വിഭാഗത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒഡിയയിൽ 'ഘടഭാലു' എന്നറിയപ്പെടുന്ന ഹണി ബാഡ്‌ജർ ഒഡിഷയിലെ സിമിലിപാലിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ധംതാരി ജില്ലയിലെ സീതനാദി വന്യജീവി സങ്കേതത്തോട് ചേർന്ന മേഖലയാണ് കാങ്കെറിലെ കോതാൽഭട്ടി ഗ്രാമത്തിലെ വനപ്രദേശം. അതുകൊണ്ട് തന്നെ ഈ ഭാഗത്തേക്ക് അപൂർവയിനം ജീവജാലങ്ങൾ എത്തിപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.