ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി വിവിധ സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങള്‍ സംബന്ധിച്ചുള്ള ചരിത്ര രേഖകൾ ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിച്ചു. 'സ്വാതന്ത്ര്യത്തിന്‍റെ വീരാഗാഥകള്‍: അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ പോരാട്ടങ്ങള്‍' എന്നാണ് ഡല്‍ഹിയിലെ നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയില്‍ (എന്‍എഐ) നടക്കുന്ന പ്രദര്‍ശനത്തിന് പേരിട്ടിരിക്കുന്നത്. പ്രദര്‍ശനം കേന്ദ്ര സാംസ്‌കാരിക സഹമന്ത്രി അര്‍ജുന്‍ റാം മേഖ്‌വാള്‍ ഉദ്‌ഘാടനം ചെയ്‌തു.
ആസാദി കാ അമൃത് മഹോത്‌സവ് പരിപാടിയുടെ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം വരച്ചുകാട്ടുന്നതാണ് പ്രദര്‍ശനമെന്ന് എന്‍എഐ ഡയറക്‌ടര്‍ ജനറല്‍ ചന്ദന്‍ സിന്‍ഹ പറഞ്ഞു. പശ്ചിമ ബംഗാളിലെ മിഡ്‌നാപൂര്‍, ബങ്കുര ജില്ലകളിലെ ചുഅര്‍ വിഭാഗത്തില്‍പ്പെടുന്ന ആദിവാസികള്‍ 1771-1809 കാലഘട്ടത്തില്‍ നടത്തിയ പോരാട്ടങ്ങള്‍ പോലുള്ള നിരവധി സായുധ പോരാട്ടങ്ങളും ക്വിറ്റ് ഇന്ത്യ സമരം പോലുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള ചരിത്ര രേഖകൾ പ്രദര്‍ശനത്തിലുണ്ട്.
പ്രദര്‍ശനത്തിലുള്ള പല ചരിത്ര രേഖകളും ആദ്യമായാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇവയില്‍ പലതും അപൂര്‍വങ്ങളുമാണ്. 1857ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ നാനാ സാഹിബ് ഇന്ത്യക്കാരായ സൈനികരോട് ഉറുദുവില്‍ നടത്തിയ വിളംബരം പ്രധാന രേഖകളില്‍ ഒന്നാണ്. ഈ വിളംബരത്തിന്‍റെ യഥാര്‍ഥ പതിപ്പാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഝാന്‍സി റാണിയുടെ തായ്‌വഴി വ്യക്തമാക്കുന്ന രേഖ, 1872 ഫെബ്രുവരി ഒന്നിന് പൊട്ടിപുറപ്പെട്ട കൂക്ക സായുധ സമരം, ഇന്ത്യന്‍ ഇന്‍ഡിപെൻഡന്‍സ് ലീഗ് എന്നിവയുമായി ബന്ധപ്പെട്ട അപൂര്‍വ രേഖകളും പ്രദര്‍ശനത്തിലുണ്ട്. ഇന്ത്യയ്‌ക്ക് പുറത്ത് ജീവിക്കുന്ന ഇന്ത്യക്കാരെ സംഘടിപ്പിച്ച് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ സായുധസമരത്തിലൂടെ അട്ടിമറിക്കുകയായിരുന്നു ഇന്ത്യന്‍ ഇന്‍ഡിപെൻഡൻസ് ലീഗ് ലക്ഷ്യമിട്ടിരുന്നത്.
സബല്‍പൂര്‍ സായുധസമരം (1827-1862), 1946ലെ റോയല്‍ ഇന്ത്യന്‍ നേവി സായുധ സമരം, ഇന്ത്യ ഇന്‍ഡിപെന്‍ഡന്‍സ് ആക്‌ട്, 1942ലെ ക്വിറ്റ് ഇന്ത്യ സമരം, ഭഗത് സിങ്ങിനെ തടവില്‍ വച്ചത്, തടവില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഡയറി കുറിപ്പുകള്‍, രാമ്പാ കലാപം (1922-24), ഹരേക പ്രസ്ഥാനം (1930) എന്നിവയുമായി ബന്ധപ്പെട്ട ആര്‍ക്കൈവുകള്‍, ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചിരുന്ന പോസ്റ്ററുകള്‍, ബുക്കുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു. സെപ്‌റ്റംബര്‍ 30വരെയാണ് പ്രദര്‍ശനം.