ചെന്നൈ:ഇന്ത്യ-പാക് മത്സരങ്ങള്‍ (India Pakistan Matches) എല്ലായ്‌പ്പോഴും യുദ്ധ സമാനം തന്നെയാണ്. പൊതുവേയുള്ള ആവേശപ്പോരാട്ടങ്ങളെക്കാളുപരി വൈകാരികമായ ഒരു ഘടകം കൂടിയുള്ളതിനാല്‍, ഈ മത്സരങ്ങളിലെ വിജയവും തോല്‍വിയുമെല്ലാം വളരെ വലിയ രീതിയില്‍ തന്നെ ആഘോഷിക്കപ്പെടാറുണ്ട്. ഇതെല്ലാം കൂടിച്ചേര്‍ന്ന് ചിലപ്പോഴെങ്കിലും ആഘോഷങ്ങള്‍ പരിധി വിടാറുമുണ്ട്.
ഇത്തരത്തിലൊന്നാണ് ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ കഴിഞ്ഞദിവസം നടന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനിടയിലുണ്ടായ സംഭവവും. ടീം ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ കൂറ്റന്‍ വിജയം കൈക്കലാക്കിയ മത്സരത്തില്‍, പാക് താരം മുഹമ്മദ് റിസ്‌വാന്‍ ക്രീസില്‍ നിന്ന് ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ ചിലര്‍ അദ്ദേഹത്തിന് നേരെ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കുകയായിരുന്നു. തൊട്ട് മുമ്പ് ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ പുറത്താവാതെ 131 റണ്‍സ് നേടുകയും പാക് നിരയെ വിജയതീരത്തേക്ക് അടുപ്പിക്കുകയും ചെയ്‌ത ശേഷം ഗ്രൗണ്ടില്‍ നിസ്‌കരിക്കുകയും തുടര്‍ന്ന് വിജയവും സെഞ്ചുറിയും പലസ്‌തീനിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചതുമാണ് ചിലരെ പ്രകോപിപ്പിച്ചത്.
Also Read: Complaint Filed Against Mohammad Rizwan ഗ്രൗണ്ടില്‍ നിസ്‌കരിച്ചു; റിസ്‌വാനെതിരെ ഐസിസിക്ക് പരാതി
അപലപിച്ച് പ്രമുഖര്‍:എന്നാല്‍ മുഹമ്മദ് റിസ്‌വാന് നേരെ കാണികളില്‍ ചിലര്‍ ജയ് ശ്രീറാം വിളിച്ച നടപടിയെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്‍പ്പടെ നിരവധി പേര്‍ അപലപിക്കുകയും ചെയ്‌തിരുന്നു. നടപടിയെ തമിഴ്‌നാട് കായിക യുവജന ക്ഷേമ മന്ത്രിയായ ഉദയനിധി സ്‌റ്റാലിനും അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. മാത്രമല്ല സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് #SORRY_PAKISTAN എന്ന ഹാഷ്‌ടാഗും എക്‌സില്‍ ട്രെൻഡായിരുന്നു. ഇതിന് പിന്നാലെ മുമ്പ് ഇന്ത്യ കണ്ട മറ്റൊരു ഇന്ത്യ-പാക് പോരാട്ടത്തിന്‍റെ വിപരീതമായൊരു സംഭവവും ട്രെന്‍ഡിങാണ്.
ഏത് ആയിരുന്നു ആ മത്സരം: 1989 ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായതിന് ശേഷം പാകിസ്ഥാന്‍ ഇന്ത്യയില്‍ മത്സരങ്ങള്‍ കളിച്ചിരുന്നില്ല. അങ്ങനെ 12 വര്‍ഷങ്ങള്‍ക്ക് പിന്നിട്ട് 1999 ല്‍ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ഈ അപൂര്‍വ ഇന്ത്യ-പാക് മത്സരം നടക്കുന്നത്. രണ്ട് ടെസ്‌റ്റ് മത്സരങ്ങള്‍ കളിക്കാനായാണ് പാകിസ്ഥാന്‍ അന്ന് ഇന്ത്യയിലെത്തുന്നത്. ചെപ്പോക്കില്‍ നടന്ന ഇതിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ 12 റണ്‍സിന് വിജയിക്കുകയായിരുന്നു. പ്രശ്‌നങ്ങളുടെ തീച്ചൂള മനസിലെരിയുമ്പോഴും പാകിസ്ഥാന്‍റെ വിജയത്തിന് അന്ന് സ്‌റ്റേഡിയത്തില്‍ സന്നിഹിതരായ കാണികള്‍ നല്‍കിയത് നിറഞ്ഞ കയ്യടികളായിരുന്നു.
വിവേചനം വേണ്ട:ആരോഗ്യകരമായ ഒരു ക്രിക്കറ്റ് മത്സരം എങ്ങനെയായിരിക്കണം എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് 1999ല്‍ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരം. ഹിന്ദു ക്രിക്കറ്ററെന്നോ മുസ്‌ലിം ക്രിക്കറ്ററെന്നോ ഉള്ള വിവേചനം പാടില്ല. കാരണം ഇന്ത്യന്‍ ടീമില്‍ തന്നെ മുഹമ്മദ് ഷമിയെയും മുഹമ്മദ് സിറാജിനെയും പോലെ കഴിവുള്ള താരങ്ങളുണ്ടെന്ന് ആരാധകര്‍ ഓര്‍ക്കണമെന്ന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധിയും മനസുതുറന്നു.
Also Read: Sunil Gavaskar Criticizes Pakistan ബുംറ കാട്ടിക്കൊടുത്തിട്ടും അവര്‍ പഠിച്ചില്ല; പാകിസ്ഥാനെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍