അമരാവതി (ആന്ധ്രാപ്രദേശ്): ചന്തയില്‍ ചൊവ്വാഴ്‌ച (23.08.2022) നടന്ന ലേലത്തില്‍ താരമായത് പുലസ മത്സ്യം. ഗോദാവരി നദിയിൽ നിന്ന് പിടിച്ച് ഭൈരവപാലം സ്വദേശി എത്തിച്ച രണ്ട് കിലോ തൂക്കം വരുന്ന അപൂർവയിനം പുലസ മത്സ്യമാണ് 19,000 രൂപയ്‌ക്ക് ലേലത്തില്‍ പോയത്. ഒരു മത്സ്യത്തിന് ലഭിക്കുന്ന ഈ സീസണിലെ ഏറ്റവും ഉയർന്ന വിലയാണിതെന്ന് നാട്ടുകാർ പറയുന്നു.
ചില്ലറക്കാരനല്ല 'പുലസ' ; വിറ്റുപോയത് 19,000 രൂപയ്‌ക്ക് - മത്സ്യം
അമരാവതി ചന്തയില്‍ കഴിഞ്ഞ ദിവസം ലേലത്തിനെത്തിയ ഗോദാവരി നദിയിലെ അപൂര്‍വയിനം പുലസയ്‌ക്ക് വില 19,000 രൂപ
ഐ.പോളവാരം മണ്ഡലത്തിലെ ഭൈരവപാലം മോഗയിലെ മണൽത്തിട്ട കാരണം നിലവില്‍ ഗൗതമി പയ ഭാഗത്തേക്ക് കടലിൽ നിന്ന് മീനുകള്‍ വരുന്നത് കുറവാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പുലസ മത്സ്യം മറ്റുള്ളവയില്‍ നിന്ന് രുചിയിലും, പ്രത്യേകതയിലും മുന്നിലായതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. മാത്രമല്ല, അപൂർവ മത്സ്യം കണ്ടെത്തുമ്പോൾ ഭാഗ്യമായി കരുതുന്ന ശീലവും മത്സ്യത്തൊഴിലാളികൾക്കിടയിലുണ്ട്.
മത്സ്യയിനങ്ങളില്‍ ഏറ്റവുമധികം വിപണി മൂല്യമുള്ളവയാണ് ഗോദാവരി പുലസകള്‍. സീസണ്‍ അല്ലാത്ത സമയത്ത് പോലും ഇവ കിലോയ്‌ക്ക് അയ്യായിരം മുതല്‍ പതിനയ്യായിരം രൂപ വരെ വിപണി മൂല്യമുണ്ട്. മണ്‍സൂണ്‍ കാലത്ത് സുലഭമായി ലഭിക്കാറുള്ള പുലസ രാഷ്‌ട്രീയക്കാര്‍ക്കും, സിനിമ താരങ്ങള്‍ക്കും ഏറെ പ്രിയപ്പെട്ട ഇനം മത്സ്യം കൂടിയാണ്.