ലഖ്‌നോ : ഉത്തര്‍പ്രദേശിലെ സിത്താപൂര്‍ ജില്ലയില്‍ ഒരു ഹിന്ദു സന്യാസി മുസ്ലിം സ്ത്രീകള്‍ക്കെതിരെ പരസ്യമായി ബലാത്സംഗ ഭീഷണി മുഴക്കിയതില്‍ പൊലീസ് കേസെടുത്തു. ഏപ്രില്‍ രണ്ടിനായിരുന്നു സംഭവം. സിത്താപുരിലെ ഒരു മുസ്ലിം പള്ളിക്ക് മുന്നില്‍ നിന്ന് ഹിന്ദു സന്യാസി വേഷം ധരിച്ചയാള്‍ മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് പ്രസംഗിക്കുന്ന വീഡിയോ പ്രമുഖ ഫാക്റ്റ് ചെക്കര്‍ മുഹമ്മദ് സുബൈര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.
മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന പ്രസംഗം ; കേസെടുത്ത് പൊലീസ് - യുപി വിദ്വേഷ പ്രസംഗം
ഉത്തര്‍പ്രദേശിലെ സിത്താപൂര്‍ ജില്ലയിലെ ഒരു മുസ്ലിം പള്ളിക്ക് മുന്നില്‍വച്ച് സന്യാസ വേഷം ധരിച്ചയാള്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസംഗം നടത്തുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു
ഈ ട്വീറ്റില്‍ അദ്ദേഹം സിത്താപൂര്‍ പൊലീസിനേയും ടാഗ് ചെയ്‌തു. ഈ പ്രസംഗം നടത്തിയത് ബജ്റങ് മൗനി എന്ന സന്യാസിയാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ പറഞ്ഞത്. സ്ത്രീകളെ അപമാനിക്കുന്ന വിദ്വേഷം പരാമര്‍ശം നടത്തുമ്പോള്‍ പൊലീസിന്‍റെ സാന്നിധ്യവും ദൃശ്യങ്ങളില്‍ കാണാം. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശത്തെ ഹര്‍ഷാരവത്തോടെ എതിരേല്‍ക്കുന്ന ജനക്കൂട്ടത്തേയും കാണാം.
സംഭവത്തില്‍ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിത കമ്മിഷന്‍ രേഖ ശര്‍മ യുപി ഡിജിപിക്ക് കത്തയച്ചു. എത്രയും പെട്ടെന്ന് തന്നെ അന്വേഷണം നടത്തി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ആളെ അറസ്റ്റ് ചെയ്യണം. ഇത്തരം സംഭവങ്ങളില്‍ പൊലീസ് മൂകസാക്ഷികളാകാന്‍ പാടില്ലെന്നും കത്തില്‍ ദേശീയ വനിത കമ്മിഷന്‍ വ്യക്തമാക്കി.