റാഞ്ചി:ജാര്‍ഖണ്ഡില്‍ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച അതിജീവിതയെ അജ്ഞാതർ വെടിവച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. അർഗോറ ഹജാനന്ദ് ചൗക്കിന് സമീപം ഇന്ന് പകലാണ് സംഭവം. പൊലീസുകാരനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ പുറകില്‍ പിന്തുടര്‍ന്നെത്തിയവരാണ് സ്‌ത്രീയെ ആക്രമിച്ചത്.
ജാര്‍ഖണ്ഡില്‍ ബലാത്സംഗ അതിജീവിതയ്‌ക്ക് വെടിയേറ്റ് ഗുരുതര പരിക്ക്; പ്രതികള്‍ക്കായി അന്വേഷണം - ജാര്‍ഖണ്ഡില്‍
ജാര്‍ഖണ്ഡില്‍ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച അതിജീവിതയ്‌ക്കാണ് വെടിയേറ്റത്
സ്‌ത്രീയുടെ ഒപ്പമുണ്ടായിരുന്ന പൊലീസുകാരനും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതികൾ കടന്നുകളഞ്ഞെന്നാണ് വിവരം. അതിജീവിത, ആനൻ ഫനാൻ ആശുപത്രിയിൽ ചികിത്സ തേടി. 2005ലാണ് ആക്രമണത്തിന് ഇരയായ സ്‌ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. ഇതിന്‍റെ വീഡിയോ പല ടിവി ചാനലുകളിലും സംപ്രേഷണം ചെയ്‌തിരുന്നു. ഈ കേസിൽ പ്രതിയായ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പിഎസ് നടരാജനെ 2012ൽ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.
2017ൽ കീഴ്‌ക്കോടതി നടരാജന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഈ തീരുമാനത്തിന് പിന്നാലെ യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിന്‍റെ വിചാരണ നടക്കുന്നതിനിടെയിലാണ് ആക്രമണം. അതിജീവിതയുടെയും കുടുംബത്തിന്‍റെയും സുരക്ഷയ്ക്കായി മൂന്ന് അംഗരക്ഷകരെ പൊലീസ് ഏർപ്പെടുത്തിയിരുന്നു. നാട്ടുകാരാണ് സ്‌ത്രീയെ ആശുപത്രിയിലെത്തിച്ചത്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാണ്.