ന്യൂഡൽഹി :മാരിറ്റൽ റേപ്പ് ക്രിമിനൽവൽക്കരിക്കണമെന്ന ഹർജികളിൽ സുപ്രധാന നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. അവിവാഹിതയെ പുരുഷൻ പീഡിപ്പിക്കുന്നതും വിവാഹിതയെ ഭർത്താവ് ബലാത്സംഗം ചെയ്യുന്നതും തമ്മിൽ വ്യത്യാസമെന്തെന്ന് കോടതി ചോദിച്ചു. ഇരു വിഭാഗത്തിൽപ്പെടുന്ന സ്‌ത്രീകളുടെയും അന്തസ്സ് എങ്ങനെയാണ് ഇത്തരം കേസുകളിൽ വ്യത്യാസപ്പെട്ടിരിക്കുന്നത്. സ്‌ത്രീ എല്ലായ്‌പ്പോഴും സ്‌ത്രീ തന്നെയാണ് - കോടതി പറഞ്ഞു.
ജസ്റ്റിസ് രാജീവ് ശഖ്‌ധേർ, സി ഹരിശങ്കർ എന്നിവരുടെ ഡിവിഷൻ ബഞ്ചിൽ നിന്നായിരുന്നു സുപ്രധാന നിരീക്ഷണം. പീഡനം അവിവാഹിതയായ സ്‌ത്രീയുടെ അന്തസിനെ ബാധിക്കുമ്പോൾ ഭർതൃപീഡനം എന്തുകൊണ്ട് വിവാഹിതയായ സ്‌ത്രീയുടെ അന്തസിനെ ബാധിക്കുന്നില്ലെന്ന് ഡൽഹി സർക്കാർ കൗൺസിൽ നന്ദിത റാവുവിനോട് ആരാഞ്ഞു. ഭർതൃ പീഡനങ്ങളിൽ വിവാഹിയായ സ്‌ത്രീകൾക്ക് ഐപിസി 498 വകുപ്പ് പ്രകാരം പരിഹാരം കാണാമെന്ന് കൗൺസിൽ കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു നിരീക്ഷണം.