ലക്നൗ:ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. മൊഹല്ല ജത്വാൻ ടികൈത്പുര സ്വദേശിയായ രോഹിത് ചൗഹാനെതിരെയാണ് ജസ്രാന പൊലീസ് കേസെടുത്തത്. ധ്രുവരി സ്വദേശിനി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സോഷ്യല്‍ മീഡിയയിലൂടെ യുവതിയെ പരിചയപ്പെട്ട ചൗഹാന് താന്‍ പൊലീസ് ഇന്‍സ്പെക്ടറാണെന്ന് പറഞ്ഞ് യുവതിയെ തെറ്റിദ്ധരിപ്പിക്കുകയും യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. യുവതിയുമായി സൗഹൃദത്തിലായ ചൗഹാന് ജൂണ്‍ ഒമ്പതിന് ഡൽഹിയിലെ പഹർഗഞ്ചിലെ ഹോട്ടലില്‍ എത്തിച്ച് യുവതിയെ ദിവസങ്ങളോളം പീഡിപ്പിച്ചു.