ജാമുയി(ബിഹാർ):നക്‌സൽ നേതാവായ അമ്മായി അച്ഛൻ സ്‌ഫോടനത്തിലൂടെ തകർത്ത സ്‌കൂളിൽ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉറച്ച നിശ്ചയത്തോടെ അധ്യാപികയായെത്തി മരുമകൾ. ബിഹാറിലെ ജാമുയി ജില്ലയിലെ ചോർമാര ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് നക്‌സൽ നേതാവായ ബലേശ്വർ കോഡയുടെ മരുമകൾ രഞ്ജു ദേവി അധ്യാപികയായി എത്തിയത്.
2007ലാണ് രഞ്ജു ദേവിയുടെ ഭർത്താവിന്‍റെ പിതാവായ നക്‌സൽ നേതാവ് ബലേശ്വർ കോഡയും സംഘാംഗങ്ങളും ചേർന്ന് ഗ്രാമത്തിലെ സ്‌കൂൾ കെട്ടിടം ബോംബ് വച്ച് തകർത്തത്. അക്കാലത്ത് ഗ്രാമം ബലേശ്വർ കോഡയുടെ നിയന്ത്രണത്തിലായിരുന്നു. എന്നാൽ 2022ൽ ജൂണിൽ ബലേശ്വർ കോഡ തന്‍റെ രണ്ട് അനുയായികൾക്കൊപ്പം പൊലീസിൽ കീഴടങ്ങി. ഇതോടെ ഇവിടുത്തെ ചിത്രം മാറി.
പിന്നാലെ തകർക്കപ്പെട്ട സ്‌കൂൾ പുനർനിർമിച്ചു. പക്ഷേ ഭയം കാരണം കുട്ടികളെ സ്‌കൂളിലേക്ക് അയക്കാൻ മാതാപിതാക്കൾ വിസമ്മതിച്ചു. എന്നാൽ ഓരോ വീടുകളിലും കയറിയിറങ്ങി മാതാപിതാക്കളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി രഞ്ജു ദേവി കുട്ടികളെ വീണ്ടും സ്‌കൂളിലേക്ക് എത്തിക്കുകയായിരുന്നു. നിലവിൽ ചോർമാര പ്രൈമറി സ്‌കുളിൽ 186 കുട്ടികളാണ് പഠിക്കുന്നത്.
'ഞാൻ ഇപ്പോൾ കുട്ടികളെ പഠിപ്പിക്കുന്നു. അതിൽ ഞാൻ സന്തോഷവതിയാണ്. സമൂഹത്തിൽ എന്‍റെ പ്രശസ്‌തിയും വർധിച്ചു. യുവജനങ്ങൾ പഠിച്ച് ജീവിതത്തിൽ മുന്നോട്ട് പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസം വളരെ പ്രധാനമാണ്. പ്രാദേശിക ഭാഷ ഉപയോഗിച്ച് പഠിപ്പിക്കുന്നത് കുട്ടികളിൽ പഠിക്കാനുള്ള ആഗ്രഹം വളർത്തുന്നു. അവരിൽ മുന്നോട്ട് പോകാനുള്ള താത്‌പര്യം വർധിക്കുന്നു', രഞ്ജു ദേവി പറഞ്ഞു.
ചോർമാര, ഗുർമഹ തുടങ്ങിയ നക്‌സൽ ബാധിത ഗ്രാമങ്ങളിൽ നിന്നുള്ളവർക്ക് തങ്ങളെ കുട്ടികളെ പഠിപ്പിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും ഭയം കാരണം അവരെ സ്‌കൂളിലേക്ക് അയച്ചിരുന്നില്ല. സ്‌കൂളിൽ നേരത്തെ രണ്ട് അധ്യാപകരെയാണ് നിയമിച്ചിരുന്നത്. എന്നാൽ ഭയം കാരണം അവരും കൃത്യമായി സ്‌കൂളിൽ എത്തിയില്ല. മാസത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ക്ലാസുകൾ നടന്നിരുന്നത്.
അതേസമയം ജാമുയി എസ്‌പി ശൗര്യ സുമനും രഞ്ജുവിന്‍റെ പരിശ്രമങ്ങളെ പ്രശംസിച്ചു. 'നക്‌സൽ രഹിത പ്രദേശം ഉണ്ടായാൽ വികസനം നടക്കും. ജാമുയിയിലെ സ്ത്രീകൾ മഹത്തായ പ്രവർത്തനമാണ് കാഴ്‌ചവച്ചത്. അവരുടെ പ്രയത്നങ്ങൾ ഫലം കണ്ടു. ഒരു വശത്ത് പൊലീസ് സുരക്ഷ നൽകുന്നു, മറുവശത്ത് ഭരണകൂടം സൗകര്യങ്ങളും പദ്ധതികളും നൽകുന്നു. ഇത് ഇരട്ട നേട്ടമാണ്, ശൗര്യ സുമൻ വ്യക്‌തമാക്കി.