ഉണ്ണി മുകുന്ദന്‍ - രഞ്ജിത്ത് ശങ്കര്‍ (Ranjith Sankar) കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'ജയ് ഗണേഷ്' (Jai Ganesh). സിനിമയുടെ പ്രഖ്യാപനം മുതല്‍ 'ജയ് ഗണേഷ്' വാര്‍ത്ത തലക്കെട്ടുകളില്‍ നിറയുകയാണ്. കഴിഞ്ഞ ദിവസം ഒറ്റപ്പാലത്തെ ഗണേശോത്സവ വേദിയില്‍ വച്ചായിരുന്നു ഉണ്ണി മുകുന്ദന്‍ (Unni Mukundan) തന്‍റെ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്.
'ജയ് ഗണേഷി'ന്‍റെ ടൈറ്റില്‍ പ്രഖ്യാപന വീഡിയോ (Jai Ganesh title announcement video) ഉണ്ണി മുകുന്ദന്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലും പങ്കുവച്ചിരുന്നു. ടൈറ്റില്‍ പ്രഖ്യാപന വീഡിയോയ്‌ക്ക് പിന്നാലെ ചിത്രത്തിനെതിരെ ഒരു കൂട്ടര്‍ രംഗത്തെത്തി. സമീപ കാലത്തെ ഗണേശ വിവാദങ്ങളുമായി ബന്ധപ്പെടുത്തിയുള്ള കമന്‍റുകളുമായാണ് ആളുകള്‍ രംഗത്തെത്തിയിരിക്കുന്നത്.
കമന്‍റുകള്‍ അതിരുകടന്നപ്പോള്‍ മറുപടിയുമായി സംവിധായകന്‍ രഞ്‌ജിത്ത് ശങ്കറും രംഗത്തെത്തി. നിലവില്‍ നടക്കുന്ന മിത്ത് വിവാദവുമായി തന്‍റെ പുതിയ ചിത്രം 'ജയ് ഗണേഷി'ന് യാതൊരു ബന്ധവുമില്ലെന്ന് രഞ്ജിത്ത് ശങ്കര്‍ വ്യക്തമാക്കി. സിനിമയുടെ പേര് ഒരു മാസം മുമ്പ് തന്നെ തങ്ങള്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്നുവെന്നും സംവിധായകന്‍ അറിയിച്ചു. കേരള ഫിലിം ചേംബറിൽ 'ജയ് ഗണേഷ്' ടൈറ്റിൽ രജിസ്‌റ്റർ ചെയ്‌തതിന്‍റെ തെളിവും സംവിധായകന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഫേസ്‌ബുക്കിലൂടെയായിരുന്നു രഞ്ജിത്ത് ശങ്കറിന്‍റെ പ്രതികരണം. 'ഇന്നലെ സിനിമയുടെ പ്രഖ്യാപനം മുതലുള്ള എല്ലാ വ്യാപകമായ വാർത്തകൾക്കും അറുതി വരുത്താൻ, പ്രസ്‌തുത വിവാദത്തിന് ഒരു മാസം മുമ്പേ കേരള ഫിലിം ചേംബറിൽ ടൈറ്റിൽ രജിസ്‌റ്റർ ചെയ്‌തു.' -ഇപ്രകാരമാണ് രഞ്ജിത്ത് ശങ്കര്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്. കേരള ഫിലിം ചേംബറിൽ ടൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്‌തതിന്‍റെ റെസീപ്‌റ്റും സംവിധായകന്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
അടുത്തിടെ സ്‌പീക്കര്‍ എഎൻ ഷംസീർ നടത്തിയ മിത്ത് പരാമർശത്തില്‍ ഉണ്ണി മുകുന്ദന്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവര്‍ നാളെ കൃഷ്‌ണനും, മറ്റന്നാൾ ശിവനും മിത്താണെന്ന് പറയുമെന്നും, അവസാനം നിങ്ങൾ തന്നെയും മിത്താണെന്ന് പറയുന്ന സ്ഥിതിയും വരും എന്നുമായിരുന്നു ഉണ്ണി മുകുന്ദന്‍റെ പ്രതികരണം. മറ്റ് മതങ്ങളിലെ വിശ്വാസത്തെയും ആചാരത്തെയും ദൈവങ്ങളെയും കുറിച്ച് പറയാൻ ആര്‍ക്കും ധൈര്യമില്ലെന്നും ആചാരങ്ങളും അനുഷ്‌ഠാനങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടി സംസാരിക്കാൻ മടിച്ച് നിൽക്കരുതെന്നുമാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്.