ഹൈദരാബാദ് : യാത്രക്കാരന് സേവനം നല്‍കുന്നതില്‍ പിഴവ് വരുത്തിയതിന് ഇന്‍ഡിഗോ വിമാന കമ്പനിക്കെതിരെ നടപടിയുമായി രങ്കറെഡ്ഡി ജില്ല ഉപഭോക്തൃ കമ്മിഷൻ. 1972 എയര്‍ ക്യാരേജ് നിയമം പ്രകാരം നഷ്‌ടപരിഹാരം നല്‍കാന്‍ വിമാനക്കമ്പനിയോട് കമ്മിഷന്‍ നിര്‍ദേശിച്ചു. ലഗേജ് നഷ്‌ടപ്പെട്ടുവെന്ന യാത്രക്കാരന്‍റെ പരാതിയില്‍ നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നതായിരുന്നു വിമാന കമ്പനിക്കെതിരെയുള്ള പരാതി.
2019 ഫെബ്രുവരി 22ന് കുടുംബത്തോടൊപ്പം ജയ്‌പൂരില്‍ നിന്ന് ഹൈദരാബാദില്‍ എത്തിയതായിരുന്നു കച്ചിഗുഡ സ്വദേശിയായ ധന്‍രാജ് സര്‍ദ. ഇവരുടെ കൈവശമുണ്ടായിരുന്ന നാല് ബാഗില്‍ ഒരെണ്ണം വിമാനത്തില്‍ വച്ച് കാണാതായി. 1,20,000 രൂപ, വീടിന്‍റെ താക്കോല്‍, ധന്‍രാജിന്‍റെ ഭാര്യയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ എന്നിവയാണ് കാണാതായ ബാഗിലുണ്ടായിരുന്നത്.
തുടര്‍ന്ന് ലഗേജ് കാണാതായെന്ന് ചൂണ്ടിക്കാട്ടി ധന്‍രാജ് രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഇന്‍ഡിഗോ ജീവനക്കാര്‍ക്ക് പരാതി നല്‍കി. പരാതിയിന്മേല്‍ അന്വേഷണം നടത്താമെന്ന് ജീവനക്കാര്‍ ഉറപ്പ് നല്‍കുകയും ചെയ്‌തു. എന്നാല്‍ രണ്ട് മാസമായിട്ടും ലഗേജ് തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ധന്‍രാജ് ഗുരുഗ്രാമിലെ ഇന്‍ഡിഗോയുടെ ഹെഡ് ഓഫിസില്‍ നാല് വട്ടം വിളിച്ചന്വേഷിച്ചുവെങ്കിലും യാതൊരു പുരോഗതിയും ഉണ്ടായില്ല.
കുറഞ്ഞ നഷ്‌ടപരിഹാരം നല്‍കി പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു: ഏപ്രില്‍ 22ന് പരാതിക്കാരന്‍ ബാഗ് നഷ്‌ടമായ ദിവസത്തെ സിസിടിവി ദ്യശ്യങ്ങള്‍ നല്‍കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബാഗ് കണ്ടെത്താനായില്ലെന്നും കിലോയ്‌ക്ക് 3,850 രൂപ വീതവും ടിക്കറ്റ് ചാര്‍ജായ 11,859 രൂപയും തിരികെ നല്‍കാമെന്നും നിര്‍ദേശിച്ച് ഇന്‍ഡിഗോയുടെ കസ്‌റ്റമര്‍ കെയര്‍ റിലേഷന്‍സ് പ്രതിനിധി സൊണാലി ജോഷി പരാതിക്കാരന് മെയിലയച്ചു.
ഇതിന് പിന്നാലെ കമ്പനി കുറഞ്ഞ നഷ്‌ടപരിഹാരം നല്‍കി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ധന്‍രാജ് ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു. വിലപിടിപ്പുള്ള സാധനസാമഗ്രികള്‍ ബാഗിലുണ്ടെന്ന് പരാതിക്കാരന്‍ തങ്ങളെ അറിയിച്ചില്ലെന്ന് ഇന്‍ഡിഗോ കമ്മിഷനെ അറിയിച്ചു. 45 ദിവസത്തിനുള്ളില്‍ 50,000 രൂപ നഷ്‌ടപരിഹാരമായി പരാതിക്കാരന് നല്‍കാന്‍ കമ്മിഷന്‍ ഇന്‍ഡിഗോയ്‌ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
മുന്‍പും ഇതുപോലെ സമാനമായ പിഴവ് ഇന്‍ഡിഗോയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ഗോവയില്‍ നിന്നും ഹൈദരാബാദിലേയ്‌ക്ക് യാത്ര ചെയ്യുകയായിരുന്ന ആയുഷി സുരാന എന്ന യാത്രക്കാരിയുടെ ലഗേജ് വിമാനത്തില്‍ വച്ച് നഷ്‌ടമായി. കമ്പനി ലഗേജ് കണ്ടെത്താതിരുന്നതിനെ തുടര്‍ന്ന് 25,000 നഷ്‌ടപരിഹാരവും 5,000 രൂപ കേസിന് വന്ന ചിലവും ചേര്‍ത്ത് 30,000 രൂപ 45 ദിവസത്തിനുള്ളില്‍ പരാതിക്കാരിക്ക് നല്‍കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു.