മുംബൈ:ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവാകാനുള്ള മത്സരത്തിലാണ് രൺബീർ കപൂർ. അടുത്തിടെ നടന്ന സീ സിനിമ അവാർഡ്‌സിൽ മികച്ച നടിക്കുള്ള പുരസ്‌കാരം ഗംഗുഭായ് കത്യവാഡിയിലെ പ്രകടനത്തിന് ആലിയക്ക് ലഭിച്ചിരുന്നു. ഈ പുരസ്‌കാരവും കയ്യിൽ പിടിച്ച് നിൽക്കുന്ന ആലിയയുടെതായി രണ്‍ബീര്‍ എടുത്ത ചിത്രം വൈറലാവുകയും ചെയ്‌തു. അവാർഡ് നിശയിലെ ഒരുപാടു ചിത്രങ്ങൾ ആലിയ പോസ്റ്റ് ചെയ്‌തിരുന്നെങ്കിലും ആരാധകരുടെ മനംകവർന്നത് അവാർഡും കയ്യിൽ പിടിച്ച് രാത്രി രണ്ട് മണിക്ക് വീട്ടിലെ കട്ടിലിൽ ഇരിക്കുന്ന ആലിയയുടെ രൺബീർ എടുത്ത ചിത്രമായിരുന്നു.
'ഗംഗുവിനോടുള്ള ഇഷ്‌ട്ടം (ഗംഗുഭായ് കത്യവാഡിയിലെ ആലിയയുടെ കഥാപാത്രം) നന്ദി സീ സിനിമ അവാർഡ് എനിക്ക് നൽകിയ ഈ ബഹുമതിക്ക്, സർ(സഞ്ജയ് ലീല ബന്‍സാലി) ഞാൻ നിങ്ങളോട് എത്ര നന്ദിയുള്ളവളാണെന്ന് പറഞ്ഞറിയിക്കാനാകില്ല. രാത്രി രണ്ട് മണിക്ക് ഇത്രയും ക്ഷമയോടെ എൻ്റെ ചിത്രമെടുത്ത എൻ്റെ ഭർത്താവിന് എൻ്റെ വക ഒരു പ്രത്യേക മെൻഷൻ' എന്നായിരുന്നു ചിത്രത്തിനോടൊപ്പം ആലിയ കുറിച്ചത്. തനിക്ക് ലഭിച്ച അവസരത്തിന് ഗംഗുഭായ് കത്യവാഡി സംവിധായകൻ സഞ്ജയ് ലീല ബൻസാലിയോടും ആലിയ നന്ദി പറഞ്ഞു.