ഹൈദരാബാദ്: ബോളിവുഡ് ക്യൂട്ട് താരം രണ്‍ബീര്‍ കപൂറിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'അനിമല്‍'. തെന്നിന്ത്യൻ താരസുന്ദരി രശ്‌മിക മന്ദാനയാണ് ചിത്രത്തില്‍ രണ്‍ബീറിന്‍റെ നായികയായെത്തുന്നത്. പ്രഖ്യാപനം മുതല്‍ ചിത്രം മാധ്യമ ശ്രദ്ധ നേടിയിരുന്നു.
ഒരു ഗ്യാങ്‌സ്‌റ്ററായാണ് 'അനിമലി'ല്‍ രണ്‍ബീര്‍ പ്രത്യക്ഷപ്പെടുന്നത് എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അഭ്യൂഹങ്ങള്‍ക്ക് കാരണമായത് ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററായിരുന്നു. രക്തവും മുറിവുകളുമായാണ് ഫസ്‌റ്റ് ലുക്കില്‍ രണ്‍ബീര്‍ പ്രത്യക്ഷപ്പെട്ടത്. രക്തത്തില്‍ കുളിച്ച് കയ്യില്‍ കോടാലിയും പിടിച്ച് സിഗരറ്റ് കത്തിക്കാനൊരുങ്ങുന്ന രണ്‍ബീറിനെയാണ് പോസ്‌റ്ററില്‍ കാണാനാവുക.
ഇപ്പോള്‍ രണ്‍ബീറിന്‍റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ക്ലീന്‍ ഷേവ് ചെയ്‌ത് യുവത്വം നിറഞ്ഞ ലുക്കിലാണ് വീഡിയോയില്‍ രണ്‍ബീറിനെ കാണാനാവുക. സ്‌കൂള്‍ പശ്ചാത്തലത്തില്‍ ക്ലാസ് മുറിക്ക് മുന്നില്‍ നില്‍ക്കുന്ന രണ്‍ബീറാണ് വീഡിയോയില്‍.
താരത്തിന്‍റെ ക്ലീൻ ഷേവ് ലുക്ക് അദ്ദേഹത്തിന്‍റെ ആരാധകരെ കൂടുതല്‍ ആവേശഭരിതരാക്കിയിരിക്കുകയാണ്. 'അനിമല്‍' സെറ്റില്‍ നിന്നുള്ളതാണ് വീഡിയോ എന്നാണ് സൂചന. വീഡിയോ ലീക്കായതിന് പിന്നാലെ സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
'രണ്‍ബീര്‍ വളരെ ക്യൂട്ട് ആയി കാണപ്പെടുന്നു' -ഒരു ആരാധകന്‍ കുറിച്ചു. 'ഞാൻ ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണ്' -മറ്റൊരാള്‍ കുറിച്ചു. നിരവധി ആരാധകര്‍ കമന്‍റ് ബോക്‌സില്‍ ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളും പങ്കുവച്ചു. 'അനിമലി'ലെ രൺബീറിന്‍റെ പുതിയ ലുക്ക് ആരാധകർ ഇഷ്‌ടപ്പെടുന്നു എന്നതിന്‍റെ തെളിവാണ് പോസ്‌റ്റിന് താഴെ വന്ന കമന്‍റുകള്‍.
'അനിമലി'ലെ തന്‍റെ കഥാപാത്രത്തെ കുറിച്ച് രണ്‍ബീര്‍ പ്രതികരിക്കുന്നുണ്ട്. 'ഒരു നടന്‍ എന്ന നിലയിൽ ഈ ചിത്രം എന്നെ ഞെട്ടിച്ചു. എനിക്ക് ഇതൊരു പുതിയ മേഖലയാണ്. ഇതൊരു ക്രൈം ഡ്രാമയും അച്ഛൻ-മകൻ കഥയുമാണ്. പ്രേക്ഷകർ എന്നില്‍ നിന്നും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണിത്. അതിനാൽ ഞാൻ കാത്തിരിക്കുകയാണ്.' -രണ്‍ബീര്‍ പറഞ്ഞു.
'എനിക്ക് അതിൽ തീർത്തും അസ്വസ്ഥതയുണ്ട്. അത്തരം പരീക്ഷണങ്ങൾ എന്നെ പോലുള്ള അഭിനേതാക്കൾക്ക് നിർണായകമാണ്. കാരണം അവ എന്നെ ഞെട്ടിച്ചുകളഞ്ഞു. ഇത് എന്നെ വളരെയധികം പരിശ്രമിക്കാൻ നിർബന്ധിതനാക്കി. ഞാൻ എത്ര അപര്യാപ്‌തനാണെന്നും മെച്ചപ്പെടുത്താനായി ഞാൻ എത്ര കഷ്‌ടപ്പെടേണ്ടി വരുമെന്നും ഇതെന്നെ അറിയിച്ചു തന്നു.' -രണ്‍ബീര്‍ പറഞ്ഞു.
സന്ദീപ് റെഡ്ഡി വംഗ ആണ് സിനിമയുടെ സംവിധാനം. ആക്ഷനും ഇമോഷനും പ്രാധാന്യം നല്‍കിയാണ് സന്ദീപ് റെഡ്ഡി ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ സന്ദീപ് റെഡ്ഡി തന്നെയാണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥയും ഒരുക്കിയിരിക്കുന്നത്. 'അര്‍ജുന്‍ റെഡ്ഡി', 'കബീര്‍ സിങ്' എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് റെഡ്ഡി ഒരുക്കുന്ന ചിത്രം കൂടിയാണ് 'അനിമല്‍'.
അമിത് റോയ് ആണ് സിനിമയുടെ ഛായാഗ്രഹണം. ടീ സീരീസ്, ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേര്‍ന്നാണ് നിര്‍മാണം. മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലായി ഓഗസ്‌റ്റ് 11നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
'തു ജൂട്ടീ മേം മക്കാർ' എന്ന റൊമാന്‍റിക് ചിത്രത്തിലാണ് രൺബീർ കപൂർ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ശ്രദ്ധ കപൂര്‍ ആണ് സിനിമയില്‍ രണ്‍ബീറിന്‍റെ നായികയായെത്തിയത്. ലവ് രഞ്ജൻ സംവിധാനം ചെയ്‌ത ചിത്രം ബോക്‌സോഫിസിൽ ഹിറ്റായിരുന്നു.
Also Read:രക്തത്തില്‍ കുളിച്ച് കയ്യില്‍ കോടാലിയും പിടിച്ച് രണ്‍ബീര്‍; അനിമല്‍ പോസ്‌റ്റര്‍ വൈറല്‍