എഫ്‌ടിസിസിഐ പുരസ്‌കാരം നേടി റാമോജി ഫിലിം സിറ്റി ഹൈദരാബാദ് :ടൂറിസം മികവിനുള്ള, തെലങ്കാന ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (എഫ്‌ടിസിസിഐ) എക്‌സലൻസ് പുരസ്‌കാരം റാമോജി ഫിലിം സിറ്റിക്ക്. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ തെലങ്കാന വ്യവസായ, ഐടി മന്ത്രി കെടി രാമറാവുവിൽ നിന്ന് റാമോജി ഫിലിം സിറ്റി മാനേജിങ് ഡയറക്‌ടര്‍ സിഎച്ച് വിജയേശ്വരിയാണ് അവാർഡ് ഏറ്റുവാങ്ങിയത്. വിനോദസഞ്ചാര രംഗത്തെ, മികവും പടിപടിയായുള്ള വളർച്ചയും പ്രതിബദ്ധതയുമാണ് റാമോജി ഫിലിം സിറ്റിയ്‌ക്ക് ഈ ബഹുമതി നേടിക്കൊടുത്തത്.
മികവ് പുലര്‍ത്തുന്ന കോർപറേറ്റ് കമ്പനികള്‍, മറ്റ് സ്ഥാപനങ്ങൾ, സംരംഭകർ എന്നിവരെ ആദരിക്കുന്നതിന്‍റെ ഭാഗമായാണ് എഫ്‌ടിസിസിഐ ഈ പുരസ്‌കാരം എല്ലാ കൊല്ലവും നല്‍കുന്നത്. 22 വിഭാഗങ്ങളിലായി 150 എൻട്രികളാണ് എഫ്‌ടിസിസിഐക്ക് ലഭിച്ചത്. ഈ വർഷത്തെ മികച്ച സ്റ്റാർട്ടപ്പിനുള്ള അവാർഡ് ഏർപ്പെടുത്തിയതില്‍, 23 വിഭാഗങ്ങളിലായാണ് എഫ്‌ടിസിസിഐ നോമിനേഷനുകൾ ക്ഷണിച്ചത്.
106 വർഷം പഴക്കമുള്ളതും ഇന്ത്യയിലെ ഏറ്റവും സജീവവുമായ പ്രാദേശിക ചേംബറുകളില്‍ ഒന്നാണ് എഫ്‌ടിസിസിഐ. ഇന്നലെയാണ് (ജൂലൈ രണ്ട്) പുരസ്‌കാരം പ്രഖ്യാപിച്ചത്. എഫ്‌ടിസിസിഐ പ്രസിഡന്‍റ് അനിൽ അഗർവാൾ, എക്‌സലൻസ് അവാർഡ് കമ്മിറ്റി ചെയർമാൻ അരുൺ ലുഹാരുക, എഫ്‌ടിസിസിഐ വൈസ് പ്രസിഡന്‍റ് മീല ജയദേവ്, വൈസ് പ്രസിഡന്‍റ് സുരേഷ് കുമാർ സിംഗാള്‍ എന്നിവര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
എഫ്എസ്എസ്എഐ പുരസ്‌കാരം റാമോജി ഫിലിം സിറ്റിക്ക് :അടുത്ത കാലത്ത് റാമോജി ഫിലിം സിറ്റി നിരവധി അംഗീകാരങ്ങളാണ് നേടിയിട്ടുള്ളത്. അതിലൊന്നാണ് എഫ്എസ്എസ്എഐ പുരസ്‌കാരം. ഭക്ഷ്യസുരക്ഷയിൽ ഉയർന്ന നിലവാരം പുലർത്തിയ സ്ഥാപനമെന്ന നിലയ്‌ക്ക്, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പുരസ്‌കാരം 2022 ഡിസംബറിലാണ് റാമോജി ഫിലിം സിറ്റി (ആർഎഫ്‌സി) സ്വന്തമാക്കിയത്.
എഫ്എസ്എസ്എഐയുടെ 'ഈറ്റ് റൈറ്റ് കാമ്പസ് അവാർഡാണ്' ആർഎഫ്‌സി സ്വന്തമാക്കിയത്. 15 റെസ്റ്റോറന്‍റുകളാണ് ആർഎഫ്‌സിയില്‍ ഉള്ളത്. ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ വിഭാഗത്തിലുള്ള ഹോട്ടലുകളും ഇതിൽ ഉൾപ്പെടുന്നു. ഇവയെല്ലാം എഫ്എസ്എസ്എഐ നടത്തിയ കർശനമായ ഓഡിറ്റിങ് പ്രക്രിയയ്ക്ക് വിധേയമായിട്ടുണ്ട്. ദേശീയ ആരോഗ്യനയ മാനദണ്ഡം പൂർണമായും പാലിച്ചത് കൊണ്ടാണ് ഫിലിം സിറ്റിയെ 'ഈറ്റ് റൈറ്റ് കാമ്പസ്' ആയി അംഗീകരിച്ചത്.
READ MORE |'രാജ്യത്തെ വൃത്തിയുള്ള ഭക്ഷണം': റാമോജി ഫിലിം സിറ്റിക്ക് അപൂര്‍വ അംഗീകാരം
ലോകത്തിലെ വലിയ ഫിലിം സിറ്റിയെന്ന നിലയില്‍ ബഹുമതിയായി ഗിന്നസ് വേൾഡ് റെക്കോഡും സ്വന്തമാക്കാന്‍ ആര്‍എഫ്‌സിക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമ പ്രവര്‍ത്തകരുടെ സ്വപ്‌ന ഭൂമികയായ ഇവിടേക്ക് അവധിക്കാലവും ഒഴിവുസമയവും ചെലവിടാന്‍ അനേകം ആളുകളാണ് ദിവസവും എത്താറുള്ളത്. മനോഹരമായ 2,000 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന, സിനിമ - ഇൻഡ്യൂസ്‌ഡ് തീമാറ്റിക് ടൂറിസം കേന്ദ്രമാണ് റാമോജി ഫിലിം സിറ്റി. ഓരോ വർഷവും 200 ഫിലിം യൂണിറ്റുകളാണ് സ്വപ്‌ന ചിത്രം ഒപ്പിയെടുക്കാന്‍ ആര്‍എഫ്‌സിയിലേക്ക് എത്താറുള്ളത്. രാജ്യത്തെ മിക്ക ഇന്ത്യൻ ഭാഷകളിലുമായി 2500ലധികം സിനിമകൾ ഇതിനകം റാമോജി ഫിലിം സിറ്റിയിൽ ചിത്രീകരിച്ചിട്ടുണ്ട്.