ബെലഗാവി (കര്‍ണാടക) : അനധികൃത പണമിടപാട് കേസുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനും എംഎല്‍എയുമായ ഡി കെ ശിവകുമാറിനെതിരെ 120ല്‍ പരം തെളിവുകളുണ്ടെന്ന് അവകാശപ്പെട്ട് ബിജെപി നേതാവും മുന്‍ മന്ത്രിയുമായ രമേശ് ജാര്‍ഖിഹോളി. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ സി ഡി താന്‍ സിബിഐയ്‌ക്ക് കൈമാറും. നിരവധി ആളുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവര്‍ എല്ലാം ഉടന്‍ തന്നെ അറസ്‌റ്റ് ചെയ്യപ്പെടുമെന്നും രമേശ് ജാര്‍ഖിഹോളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മറ്റുള്ളവരുടെ ജീവിതം ഇല്ലാതാക്കുവാനാണ് ഡി കെ ശിവകുമാര്‍ രാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കോടികളുടെ ആസ്‌തിയാണ് അദ്ദേഹത്തിനുള്ളത്. സിഡിയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്‌ത്രീയെയും അവരുമായി ബന്ധപ്പെട്ടവരെയും സിബിഐ ഉടന്‍ തന്നെ അറസ്‌റ്റ് ചെയ്യും. ദേവനഹള്ളിയിലെ റെയ്‌ഡില്‍ നിരവധി ആളുകളുമായി ബന്ധപ്പെട്ട സിഡികള്‍ കണ്ടെടുത്തിട്ടുണ്ട് - രമേശ് ജാര്‍ഖിഹോളി അവകാശപ്പെട്ടു.
കോണ്‍ഗ്രസിന്‍റെ അധപ്പതനത്തിന് കാരണം ശിവകുമാര്‍: കണ്ടെടുത്ത സിഡിയില്‍ പാര്‍ട്ടി നേതാക്കളും ഉന്നത അധികാരികളും ഉള്‍പ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധപ്പതനത്തിന് കാരണം ഡി കെ ശിവകുമാറും അദ്ദേഹവുമായി ബന്ധപ്പെട്ട സ്‌ത്രീയുമാണ്.
തനിക്ക് ലണ്ടന്‍, ദുബായ് തുടങ്ങിയ സ്ഥലങ്ങളില്‍ വീടുകള്‍ ഉണ്ടെന്നും കോടിക്കണക്കിന് രൂപയുടെ ആസ്‌തിയുണ്ടെന്നും ശബ്‌ദ സന്ദേശത്തില്‍ ശിവകുമാര്‍ പറയുന്നുണ്ട്. 40 കോടി രൂപയുടെ ഇടപാട് നടത്തിയത് തന്‍റെ പേര് പറഞ്ഞാണെന്നും രമേശ് ജാര്‍ഖിഹോളി ആരോപിച്ചു.
രാഷ്‌ട്രീയ ജീവിതം ഉപേക്ഷിക്കുമെന്ന് ബിജെപി നേതാവ് :സിഡിയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്‌ത്രീയെ അറസ്‌റ്റ് ചെയ്‌താല്‍ സത്യാവസ്ഥ പുറത്തുവരും. ഡി കെ ശിവകുമാറിന്‍റെ മേല്‍നോട്ടത്തില്‍ ബെംഗളൂരുവിലെ വനിത ഭാരവാഹിയുടെ വീട്ടിലാണ് ആ സ്‌ത്രീയെ സംരക്ഷിച്ചിട്ടുള്ളത്. അടുത്തതായി നടക്കാനിരിക്കുന്നത് തന്‍റെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും.
ഡി കെ ശിവകുമാറിനെ പോലെയുള്ളവര്‍ ഉള്ളിടത്തോളം കാലം രാഷ്‌ട്രീയത്തില്‍ തുടരാനാവില്ല. അതിനാല്‍ ഞാന്‍ അടുത്ത തെരഞ്ഞെടുപ്പോടെ രാഷ്ട്രീയം വിടും. തന്നെ ഭയന്ന് ഡി കെ ശിവകുമാര്‍ വീട്ടിലിരിക്കുകയാണ്. ശിവകുമാര്‍ ഒരു രാഷ്‌ട്രീയനേതാവ് എന്ന നിലയില്‍ അനുയോജ്യനല്ലെന്നും അദ്ദേഹം ആരോപിച്ചു.
ആരോടും വ്യക്തിവൈരാഗ്യമില്ലെന്ന് രമേശ് ജാര്‍ഖിഹോളി : ഒരു വര്‍ഷത്തോളമായി ഞാന്‍ വെറുതെ ഇരിക്കുകയാണ്. ആരെയും വ്യക്തിപരമായി വെറുക്കുന്നില്ല. ഒരു സ്‌ത്രീയെ ഉപയോഗിച്ച് എന്‍റെ ജീവിതം തകര്‍ത്ത ശിവകുമാറിനെതിരെ ഒരു സിഡിയും ഞാന്‍ പ്രചരിപ്പിക്കുന്നില്ല. ഡി കെ ശിവകുമാര്‍ ആശുപത്രിയിലായിരുന്നപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
ആ സമയത്ത് കോണ്‍ഗ്രസ് വിട്ടുപോകരുതെന്ന് ശിവകുമാറിന്‍റെ ഭാര്യ ഉഷ എന്നോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ ജാതിപരമായ പോരിനായി ഞാന്‍ മുമ്പ് പറഞ്ഞ ഒരു അശ്ലീല വാക്ക് എഡിറ്റ് ചെയ്‌ത് ഡികെയും സംഘവും കിട്ടൂര്‍ ചന്നമ്മയുമായി താരതമ്യം ചെയ്‌തു. അവര്‍ തന്നെ അതില്‍ സിഡി നിര്‍മിക്കുകയും നിരവധി പേര്‍ അത് സൂക്ഷിക്കുകയും ചെയ്‌തെന്നും രമേശ് ജാര്‍ഖിഹോളി ആരോപിച്ചു.
നിരവധി പേര്‍ കുടുങ്ങും : സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടി, ഡികെ ശിവകുമാറുമായി ബന്ധപ്പെട്ട ഒരു സ്‌ത്രീയുടെ പേരില്‍ നശിച്ചിരിക്കുകയാണ്. സമഗ്രമായി അന്വേഷിച്ചാല്‍ നിരവധി പേര്‍ കെണിയില്‍ കുടുങ്ങും. അതിനാല്‍ ഗൗരവമുള്ള ഈ കേസ് സര്‍ക്കാര്‍ സിബിഐയ്‌ക്ക് കൈമാറണമെന്നും മുന്‍ മന്ത്രി ആവശ്യപ്പെട്ടു.