ഉധംപൂർ: അധികാരത്തിൽ തുടരാൻ മാത്രമേ ബിജെപി പാർട്ടി രാമന്‍റെ പേര് ഉപയോഗിക്കുന്നുള്ളൂവെന്നും എന്നാൽ രാമൻ ഹിന്ദുക്കളുടെ മാത്രം ദൈവമല്ലെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും എൻസി അധ്യക്ഷനുമായ ഡോ. ഫറൂഖ് അബ്ദുല്ല. 'ഭഗവാൻ റാം ഹിന്ദുക്കളുടെ മാത്രം ദൈവമല്ല. ദയവായി നിങ്ങളുടെ മനസ്സിൽ നിന്ന് ഈ ധാരണ നീക്കം ചെയ്യുക. ഭഗവാൻ റാം എല്ലാവരുടെയും ദൈവമാണ്- അത് മുസ്‌ലിമോ ക്രിസ്ത്യാനിയോ അമേരിക്കനോ റഷ്യനോ ആകട്ടെ അവരൊക്കെ അവനിൽ വിശ്വാസമുള്ളവരാണ്,' പാന്തേഴ്‌സ് പാർട്ടി സംഘടിപ്പിച്ച റാലിയിൽ അദ്ദേഹം പറഞ്ഞു.
'ഞങ്ങൾ രാമന്‍റെ ശിഷ്യന്മാർ മാത്രമാണെന്ന് പറഞ്ഞ് നിങ്ങളുടെ അടുക്കൽ വരുന്നവർ വിഡ്ഢികളാണ്. അവർ രാമന്‍റെ പേരിനെ വിൽക്കാൻ ആഗ്രഹിക്കുന്നവരാണ്. അവർക്ക് രാമനോടല്ല സ്നേഹം, അധികാരത്തോടാണ്,' അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ സാധാരണക്കാരന്‍റെ ശ്രദ്ധ തിരിക്കാനായി അവർ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്ന് ഞാൻ കരുതുന്നുവെന്നും ഫറൂഖ് അബ്ദുല്ല യോഗത്തിൽ പറഞ്ഞു. ഞങ്ങളുടെ ഐക്യത്തിന് ഒരു തടസവുമില്ല. അത് കോൺഗ്രസായാലും എൻ സി ആയാലും പാന്തേഴ്‌സായാലും. ഞങ്ങൾ ജനങ്ങൾക്ക് വേണ്ടി പോരാടുകയും മരിക്കുകയും ചെയ്യും. ഞങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി തുടരുമെന്നും ബിജെപി ഇതര പാർട്ടികൾ തമ്മിലുള്ള ഐക്യത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു
ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളെക്കുറിച്ച് അദ്ദേഹം ആശങ്ക ഉന്നയിക്കുകയും അതിന്‍റെ ഉപയോഗത്തെക്കുറിച്ച് ജാഗ്രത പാലിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. കേന്ദ്രഭരണ പ്രദേശത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി മതധ്രുവീകരണത്തിനെതിരെ അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 'ഹിന്ദുക്കൾ അപകടത്തിലാണ്' എന്നൊക്കെ അവർ തിരഞ്ഞെടുപ്പ് വേളയിൽ ധാരാളമായി ഉപയോഗിക്കും, പക്ഷേ അതിൽ വീഴരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു എന്നും ഫറൂഖ് പ്രതികരിച്ചു.