വാരണാസി : ഇഷ്‌ടകാര്യ സാധ്യത്തിനായി ദൈവനാമം ലോണെടുക്കാൻ കഴിയുന്ന വ്യത്യസ്‌തമായ ഒരു ബാങ്കുണ്ട് ഉത്തർപ്രദേശിലെ വാരണാസിയിൽ. ശ്രീരാമന്‍റെ പേര് ലോൺ കൊടുക്കുന്ന ഈ ബാങ്കിന്‍റെ പേര് രാം രമാപതി ബാങ്ക് എന്നാണ്. ലോണിനായി ഇവിടെ എത്തുന്നവർ ബാങ്കിലെത്തി സാധിക്കേണ്ട കാര്യം എന്തെന്ന് പറഞ്ഞാൽ മതി.
എടുത്ത ലോൺ എട്ട് മാസവും പത്ത് ദിവസത്തിനും ഉള്ളിൽ തിരിച്ചടയ്‌ക്കണം. തിരിച്ചടവിനും പ്രത്യേകതകൾ ഏറെയാണ്. ബാങ്ക് ചുവന്ന മഷി പേനയും കുറച്ചധികം കടലാസും ലോൺ തിരിച്ചടവിനായി നൽകും. ഈ പേപ്പറിൽ 1.25 ലക്ഷം തവണ രാമനാമം എഴുതി തിരിച്ചേൽപ്പിച്ചാൽ ലോൺ തിരിച്ചടച്ചതായി കണക്കാക്കും.
അക്കൗണ്ട് തുറന്ന് ലോൺ എടുത്ത ശേഷം ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് പുലർച്ചെ 4 മണി മുതൽ 7 വരെ മാത്രമേ രാമനാമം എഴുതാൻ കഴിയൂ. പേര് കൃത്യമായി 1.25 ലക്ഷം തവണ എഴുതുകയും എട്ട് മാസവും പത്ത് ദിവസവും കൊണ്ട് ഈ ടാസ്‌ക് പൂർത്തിയാക്കുകയും വേണം. ഈ മുഴുവൻ പ്രക്രിയയ്ക്കിടയിലും, ഭക്തർക്ക് നോൺ-വെജിറ്റേറിയൻ ഭക്ഷണവും ഉള്ളിയും വെളുത്തുള്ളിയും അടങ്ങിയ ഭക്ഷണവും കഴിക്കുന്നതിൽ നിന്ന് വിലക്ക് ഏൽപ്പെടുത്തിയിട്ടുണ്ട്.
രാമനാമം എഴുതിയ ഈ പേപ്പർ ബാങ്കിലെ പ്രത്യേക അറയിലാണ് സൂക്ഷിക്കുക. തുടർന്ന് അക്കൗണ്ട് എടുത്ത ആളിന്‍റെ കാര്യസാധ്യത്തിനായി ബാങ്ക് പൂജയും ചടങ്ങുകളുമൊക്കെ നടത്തും. രാമനവമി ദിനത്തിൽ ഈ ബാങ്ക് അതിന്‍റെ 96-ാം വർഷികം ആഘോഷിക്കും.
1926ൽ രാമനവമി ദിനത്തിൽ ബാബാ സത്യറാം ദാസിന്‍റെ നിർദ്ദേശ പ്രകാരം ദാസ് ചന്നുലാലാണ് രാം രമാപതി ബാങ്ക് സ്ഥാപിച്ചത്. ഈ ബാങ്കിന് ഒരു മാനേജരും അക്കൗണ്ടന്‍റും ദശലക്ഷക്കണക്കിന് അക്കൗണ്ട് ഉടമകളുമുണ്ട്. ഇതൊരു ആത്മീയ ബാങ്കാണ്. ഇവിടെ പണത്തിന് ഒരു മൂല്യവുമില്ല. പണമിടപാടുകൾ ബാങ്ക് സ്വീകരിക്കില്ല. ഭക്തർക്ക് അവരുടെ ആഗ്രഹ സാഫല്യത്തിനായി വായ്‌പ ലഭിക്കുന്നു. ഇവിടെ നിന്ന് വായ്‌പ എടുത്ത് ആളുകൾ അവരുടെ ലക്ഷ്യങ്ങൾ നേടുന്നുവെന്ന് ബാങ്കിന്‍റെ മാനേജർ സുമിത് മെഹ്‌റോത്ര പറഞ്ഞു.
Also read:രാമനവമി : 19 കിലോ സ്വർണം കൊണ്ട് നിർമിച്ച രാമായണം പ്രദര്‍ശിപ്പിച്ച് വിശ്വഹിന്ദു പരിഷത്ത്
രാം രമാപതി ബാങ്ക് ലോകത്തെമ്പാടുമുള്ള ഒരു ബാങ്കാണ്. ഒരു സാധാരണ ബാങ്ക് നൽകുന്ന എല്ലാ സേവനങ്ങളും ആത്മീയ തലത്തില്‍ ബാങ്ക് ആളുകൾക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ലോകമെമ്പാടുമുള്ള ആളുകൾ ഇവിടെ നിന്ന് വായ്‌പ എടുക്കുന്നു. ഇപ്പോൾ 19 ബില്യൺ, 42 കോടി, 34 ലക്ഷത്തി 25,000 തവണ ശ്രീരാമന്‍റെ പേര് എഴുതി ബാങ്കിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാമനവമി ദിനത്തിൽ അക്കൗണ്ട് തുടങ്ങാൻ നൂറുകണക്കിന് ആളുകൾ ഈ ബാങ്കിൽ എത്താറുണ്ട്. ലാൽ ബഹദൂർ ശാസ്ത്രിയുടെ അമ്മയും ബോളിവുഡ് നടൻ ശത്രുഘ്‌നൻ സിൻഹയുടെ കുടുംബാംഗങ്ങളും ഈ ബാങ്കിൽ നിന്ന് വായ്‌പ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൂറത്തിൽ സ്വർണ രാമായണം പ്രദർശിപ്പിച്ചു : രാമനവമി ദിനത്തിൽ വജ്രങ്ങളും സ്വർണവും മറ്റ് അമൂല്യ രത്നങ്ങളും കൊണ്ട് അലങ്കരിച്ച രാമായണം പ്രദർശിപ്പിച്ചു. 19 കിലോ സ്വർണം, 10 കിലോ വെള്ളി, നാലായിരം വജ്രം, മാണിക്യം, മരതകം, നീലക്കല്ലുകൾ എന്നിവ കൊണ്ടാണ് രാമായണം നിർമിച്ചിരിക്കുന്നത്. രാമായണം എഴുതാൻ ഉപയോഗിച്ചിരിക്കുന്ന മഷിയും സ്വർണം കൊണ്ടാണ് നിർമിച്ചത്. രാമനവമി ആഘോഷത്തിന്‍റെ ഭാഗമായി വിശ്വഹിന്ദു പരിഷത്താണ് സ്വർണ രാമായണം പ്രദർശിപ്പിച്ചത്.