ന്യൂഡൽഹി:അയോധ്യ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിക്കാനുള്ള രാംലല്ല (ശ്രീരാമന്റെ കുട്ടിക്കാലത്തെ രൂപം) വിഗ്രഹത്തിന് അന്തിമരൂപമായി. കർണാടകയിൽ നിന്നുള്ള ശിൽപിയായ യോഗിരാജ് അരുണിന്റെ നിർമിതിയാണ് തെരഞ്ഞെടുത്തത് (Ram Lalla to be installed in Ayodhya temple). ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ വിഗ്രഹം ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിക്കും.
ഹനുമാന്റെ നാട്ടിൽ നിന്നുള്ള ഒരു പ്രശസ്ത ശിൽപി ജനുവരി 22 ന് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ തന്റെ നിർമിതി സമർപ്പിച്ച് അഭിമാനിതനാകുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഇന്നലെ സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു. ഹനുമാന്റെ ജന്മസ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്ന സംസ്ഥാനത്ത് നിന്നുള്ള ശിൽപി കൊത്തിയെടുത്ത വിഗ്രഹം തിരഞ്ഞെടുത്തത് രാമനും ഹനുമാനും തമ്മിലുള്ള ബന്ധത്തിന്റെ ഉദാഹരണമാണെന്നും ജോഷി എക്സിൽ കുറിച്ചു.
അയോധ്യ ക്ഷേത്രത്തിൽ സ്ഥാപിക്കാനുള്ള രാംലല്ല വിഗ്രഹത്തിന്റെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയതായും നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ പ്രശസ്ത ശിൽപി യോഗിരാജ് അരുണിന്റെ നിർമിതിയാണ് തെരഞ്ഞെടുത്തതെന്നും, ഇത് ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ സ്ഥാപിക്കുമെന്നും പ്രഹ്ലാദ് ജോഷി എക്സിൽ പറഞ്ഞു.
ഇത് തനിക്കും കുടുംബത്തിനും ഏറ്റവും സന്തോഷകരമായ നിമിഷമാണെന്നും മകൻ രാംലല്ലയെ കൊത്തിയെടുക്കുന്നത് കാണാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും അരുണിന്റെ അമ്മ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി അയോധ്യയിൽ സ്ഥാപിക്കുന്ന ദിവസം തന്നെ കൊണ്ടുപോവാമെന്ന് അരുൺ പറഞ്ഞതായും അമ്മ പറഞ്ഞു.