ഹൈദരാബാദ്:2023ലെ തങ്ങളുടെ 398 അംഗ പട്ടികയുടെ ഭാഗമാകാൻ ചലച്ചിത്ര രംഗത്തെ കലാകാരന്മാരെ ക്ഷണിച്ച് അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് ആർട്സ്. ഓസ്കർ വേദിയിൽ ഇതിനോടകം തിളങ്ങിയ 'ആർആർആർ' എന്ന ചിത്രത്തിലെ അഭിനേതാക്കളായ രാം ചരൺ, ജൂനിയർ എൻടിആർ, കരൺ ജോഹർ എന്നിവരുൾപ്പെടെ ഒരു ഡസനോളം ഇന്ത്യൻ കലാകാരന്മാർ ഈ പട്ടികയിലുണ്ട്. മണിരത്നം, സിദ്ധാർഥ് റോയ് കപൂർ, ചൈതന്യ തംഹാനെ, ഷൗനക് സെൻ, എംഎം കീരവാണി, കെകെ സെന്തിൽ കുമാർ എന്നിവരാണ് മറ്റ് ഇന്ത്യൻ ക്ഷണിതാക്കൾ.
ഹോളിവുഡ് ചലച്ചിത്ര വ്യവസായത്തിൽ ഏറ്റവും ഉയർന്ന് നിൽക്കുന്നതാണ് അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് ആർട്സ്. അതുകൊണ്ടുതന്നെ വർഷത്തിൽ ഒരിക്കൽ മാത്രമെ ഇത്തരത്തിൽ അക്കാദമി ക്ഷണം അയയ്ക്കാറുള്ളൂ. അക്കാദമിയിലെ അംഗങ്ങൾക്ക് മാത്രമാണ് ഓസ്കർ ജേതാക്കളെ തെരഞ്ഞെടുക്കുന്നതിനായി വോട്ട് ചെയ്യാൻ കഴിയുക.
അതേസമയം ടെയ്ലർ സ്വിഫ്റ്റ്, ഈ വർഷത്തെ മികച്ച സഹനടനുള്ള ഓസ്കർ കരസ്ഥമാക്കിയ കെ ഹുയ് ക്വാൻ, എൽവിസ് താരം ഓസ്റ്റിൻ ബട്ട്ലർ, നോപിന്റെ കെകെ പാമർ, ദി വീക്ക്ൻഡ് എന്നിവർക്കും അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിന്റെ ക്ഷണം ലഭിച്ചിച്ചുണ്ട്.
ക്ഷണിക്കപ്പെട്ടവരിൽ 22 ഓസ്കർ ജേതാക്കളും 76 നോമിനികളും ഉൾപ്പെടുന്നു. എവരിവിങ് ഓൾ അറ്റ് വൺസിന്റെ അണിയറക്കാരായ ഡാനിയൽ ക്വാൻ, ഡാനിയൽ ഷീനെർട്ട് എന്നിവരും അഭിനേതാക്കളായ പോൾ മെസ്ക്കൽ, സ്റ്റെഫാനി ഹ്സു, കെറി കോണ്ടൻ എന്നിവരും പട്ടികയില് ഉൾപ്പെടുന്നു. ഈ വർഷത്തെ ക്ഷണിതാക്കളിൽ ഭൂരിഭാഗവും യുഎസിന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ളവരാണ്.