രാകുൽ പ്രീത് സിങും പാവെയില്‍ ഗുലാത്തിയും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന റൊമാന്‍റിക് ത്രില്ലര്‍ ചിത്രമാണ് 'ഐ ലവ് യു'. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രണയവും പ്രതികാരവും വിശ്വാസ വഞ്ചനയും സമന്വയിപ്പിക്കുന്ന ഒരു റൊമാന്‍റിക് ത്രില്ലറാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പ്രണയത്തിന്‍റെ വികാരാധീനമായ ഇരുണ്ട വശവും ചിത്രം പറയുന്നു.
രാകുൽ പ്രീത് സിങ്, പാവെയില്‍ ഗുലാത്തി എന്നിവരെ കൂടാതെ അക്ഷയ് ഒബ്‌റോയ്, കിരൺ കുമാർ എന്നിവരും ചിത്രത്തില്‍ അഭിനയിക്കും. ഡയറക്‌ട് ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. ജൂൺ 16ന് ജിയോ സിനിമയിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്. സിനിമയെ കുറിച്ച് രാകുൽ പ്രീത് സിങ് പ്രതികരിക്കുന്നുണ്ട്. 'ഞാൻ ഇതുവരെ ചെയ്‌തിട്ടുള്ളതില്‍ നിന്നും വ്യത്യസ്‌തമാണ് 'ഐ ലവ് യു'.
സസ്പെൻസ്, ത്രില്ലർ, ഡ്രാമ എന്നീ വിഭാഗങ്ങളിലായി ഒരുങ്ങിയ ചിത്രത്തില്‍, പ്രണയം, പ്രതികാരം, വഞ്ചന എന്നി വികാരങ്ങൾ സംയോജിപ്പിച്ച് കൊണ്ടുള്ള കഥപറച്ചിലാണ്.' - രാകുൽ പ്രീത് പറഞ്ഞു. 'തീവ്രമായ ആഖ്യാനത്തോടുകൂടി നിഖിൽ മഹാജന്‍ ഒരു മികച്ച ചിത്രമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ചിത്രത്തിലെ എല്ലാ അഭിനേതാക്കളും അതിശയകരമായ പ്രകടനങ്ങളാണ് കാഴ്‌ചവച്ചത്. പ്രേക്ഷകരുടെ പ്രതികരണങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്.' - രാകുൽ പ്രീത് സിങ് പറഞ്ഞു.
സത്യ പ്രഭാകറുടെ കഥയാണ് 'ഐ ലവ് യു'. രാകുല്‍ പ്രീത് സിങാണ് ചിത്രത്തില്‍ സത്യ പ്രഭാകറായി എത്തുന്നത്. മുംബൈയിൽ ജോലി ചെയ്യുന്ന സ്വതന്ത്ര വനിതയാണ് സത്യ പ്രഭാകര്‍. സത്യയുടെ ജീവിത രീതി അവളെ വലിയൊരു മാറ്റത്തിലേയ്‌ക്ക് നയിക്കുന്നു. അവളുടെ പ്രണയവും ആ ബന്ധവും അവളെ ജീവിതത്തിന്‍റെ അടുത്ത ഘട്ടത്തിലേയ്‌ക്ക് കൊണ്ടു പോകുന്നു.