നോയിഡ: കർഷക സമരം പിൻവലിക്കാനായി കേന്ദ്രസർക്കാർ ഉറപ്പു നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്ന ആരോപണവുമായി ഭാരതീയ കിസാൻ യൂണിയൻ. വിഷയത്തിൽ കർഷകരുടെ പ്രതിഷേധം രേഖപ്പെടുത്തി ജനുവരി 31ന് വഞ്ചനാദിനം ആചരിക്കുമെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
കേന്ദ്രസർക്കാർ ഡിസംബർ ഒമ്പതിന് എഴുതി നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്നും കർഷകരെ വഞ്ചിക്കുകയായിരുന്നുവെന്നുമാണ് കർഷകരുടെ ആരോപണം. ട്വിറ്ററിലൂടെയായിരുന്നു നേതാവിന്‍റെ പ്രതികരണം. വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് 2020 നവംബർ മാസം മുതലാണ് കർഷകർ രാജ്യതലസ്ഥാനത്ത് പ്രതിഷേധം ആരംഭിച്ചത്.