ന്യൂഡൽഹി:പ്രമുഖ ഓഹരി വിപണി നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും. ട്വിറ്ററിലൂടെയാണ് ഇരുവരും അനുശോചനം രേഖപ്പെടുത്തിയത്. രാകേഷ് ജുൻജുൻവാല അജയ്യനായിരുന്നു എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തത്.
സാമ്പത്തിക ലോകത്തിന് അദ്ദേഹം മറക്കാനാവാത്ത സംഭാവനകൾ അവശേഷിപ്പിക്കുന്നു. ഇന്ത്യയുടെ പുരോഗതിയിൽ വളരെയധികം അഭിനിവേശമുള്ളയാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ വിയോഗം ദുഃഖകരമാണ്. അദ്ദേഹത്തിന്‍റെ കുടുംബത്തോടും ആരാധകരോടും എന്‍റെ അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയ്‌ക്ക് പുതിയ എയർലൈൻ ആകാശ എയർ നൽകിയതിന് രാകേഷ് ജുൻജുൻവാല എന്നും ഓർമിക്കപ്പെടുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എന്‍റെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും സിന്ധ്യ കൂട്ടിച്ചേർത്തു. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് സർവിസ് നടത്തിയ ആകാശ എയറിന്‍റെ ആദ്യ വിമാനം ഓഗസ്റ്റ് 7ന് സിന്ധ്യ ഉദ്‌ഘാടനം ചെയ്‌തിരുന്നു.
രാകേഷ് ജുൻജുൻവാല ഇന്നാണ്(14.08.2022) വിടവാങ്ങിയത്. അറുപത്തിരണ്ട് വയസായിരുന്നു. ഓഹരി വിപണിയിലെ അതികായനായ രാകേഷ് ജുൻജുൻവാല ഇന്ത്യയുടെ വാറൻ ബഫറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. സ്റ്റാർ ഹെല്‍ത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനികളുടെ മേധാവിയും അതിനൊപ്പം നിരവധി കമ്പനികളുടെ ഡയറക്‌ടർ ബോർഡ് അംഗവുമാണ് അദ്ദേഹം.