ന്യൂഡല്‍ഹി : രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ ഉള്‍പ്പെടെയുള്ള 45 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ (Over 45 Rajya Sabha MPs suspended). സഭ തടസപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ലോക്‌സഭയില്‍ 33 എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌തതിന് പിന്നാലെയാണ് രാജ്യസഭയിലും സമാന രീതിയില്‍ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളന കാലയളവിലേക്കാണ് സസ്‌പെന്‍ഷന്‍ (Rajya Sabha MPs of Opposition suspended). കേരളത്തില്‍ നിന്നുള്ള എംപി കെ സി വേണുഗോപാലും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരില്‍ 34 പേര്‍ക്ക് ശീതകാല സമ്മേളനത്തിന്‍റെ ബാക്കി ഭാഗങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. മറ്റ് 11 പേരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട വിഷയം പ്രിവില്ലേജസ് കമ്മിറ്റിയ്‌ക്ക് വിട്ടിട്ടുണ്ട്. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു വരെ ഈ എംപിമാര്‍ സസ്‌പെൻഷനില്‍ തുടരും.
നേരത്തെ ലോക്‌സഭയിലും എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നിരുന്നു. ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി അടക്കം 33 എംപിമാരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. കേരളത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷ്, എന്‍ കെ പ്രേമചന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഇ ടി മുഹമ്മദ് ബഷീര്‍, കെ മുരളീധരന്‍, ആന്‍റോ ആന്‍റണി എന്നീ എംപിമാരും സസ്‌പെന്‍ഷന്‍ നേരിട്ടവരില്‍ പെടുന്നു.