ന്യൂഡൽഹി :വിയറ്റ്‌നാമുമായി ബ്രഹ്മോസ് വ്യവസായത്തിനൊരുങ്ങി ഇന്ത്യ. ഫിലിപ്പീൻസ് നാവികസേനയ്ക്ക് ബ്രഹ്മോസ് മിസൈൽ ബാറ്ററികൾ കയറ്റുമതി ചെയ്യുന്നതിനായി ഈ വർഷം ജനുവരി അവസാനം 2770 കോടി രൂപയുടെ കരാർ ഉറപ്പിച്ചിരുന്നു. ബുധനാഴ്‌ച ആരംഭിക്കുന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ ത്രിദിന വിയറ്റ്‌നാം സന്ദർശനത്തിൽ ബ്രഹ്മോസ് കരാർ ഉണ്ടാകാൻ സാധ്യത ഉള്ളതായി ഔദ്യോഗിക വൃത്തങ്ങൾ ഇടിവി ഭാരതിനോട് പറഞ്ഞു.
അടുത്ത കാലത്ത് ബ്രഹ്മോസ് മിസൈലിനോട് വിയറ്റ്‌നാം താത്‌പര്യം പ്രകടിപ്പിച്ചിരുന്നു. ഉത്‌പന്നം കയറ്റുമതി ചെയ്യാൻ പറ്റുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് വിയറ്റ്‌നാം. ബ്രഹ്മോസ് കൂടാതെ 'ആകാശ്' എന്ന ഭൂതല മിസൈലിലും വിയറ്റ്‌നാം അതീവ താത്‌പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. റഷ്യയുമായി ചേർന്നാണ് ഇന്ത്യ സൂപ്പർസോണിക് മിസൈലായ ബ്രഹ്മോസ് വികസിപ്പിച്ചെടുത്തതെങ്കിൽ ആകാശ് 90 ശതമാനവും തദ്ദേശീയമാണ്.
2016 മുതൽ ഇന്ത്യയുമായി തന്ത്രപ്രധാന പങ്കാളിത്തമുള്ള വിയറ്റ്നാമിലേക്ക് ബ്രഹ്മോസ് കയറ്റി അയക്കുന്നത് ഇന്ത്യയുടെ തന്ത്രപരമായ വ്യാപന നയത്തെ വളർത്തുന്നതിനൊപ്പം ‘മേക്ക് ഇൻ ഇന്ത്യ – മേക്ക് ഫോർ ദ വേൾഡ്’ എന്ന പദ്ധതിയെ മുന്നോട്ട് നയിക്കും. ആസിയാൻ(ASEAN) രാജ്യങ്ങളുമായി കൂടുതൽ സാമ്പത്തിക, രാഷ്ട്രീയ, സൈനിക, തന്ത്രപരമായ ബന്ധം കെട്ടിപ്പെടുക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇന്ത്യയുടെ 'ആക്‌ട് ഈസ്റ്റ് പോളിസി' (AEP) നടപ്പിലാക്കാനും ഇന്ത്യൻ ഉത്‌പന്നങ്ങളുടെ കയറ്റുമതി തെക്കുകിഴക്കൻ ഏഷ്യൻ വിപണിയിലേക്ക് വ്യാപിപ്പിക്കാനും വിയറ്റ്നാമുമായുള്ള ബന്ധം അത്യന്താപേക്ഷിതമാണ്.
വിയറ്റ്‌നാം സന്ദർശനത്തിൽ പ്രതിരോധ മന്ത്രി ജനറൽ ഫാൻ വാൻ ജിയാങ്ങിനെ കാണുന്നതിനൊപ്പം വിയറ്റ്നാമീസ് പ്രസിഡന്‍റ് ങ്യുയെൻ ഷുവാൻ ഫുക്, പ്രധാനമന്ത്രി ഫാം മിൻ ചിൻ എന്നിവരെയും രാജ്‌നാഥ് സിങ് സന്ദർശിക്കും. സന്ദർശന വേളയിൽ ന്യൂ ഡൽഹിയുടെ 100 മില്യൺ യുഎസ് ഡോളറിന്‍റെ ഡിഫൻസ് ലൈൻ ഓഫ് വിയറ്റ്നാമിന് കീഴിൽ നിർമിച്ച 12 ഹൈ സ്പീഡ് ഗാർഡ് ബോട്ടുകൾ കൈമാറുന്നതിനും പ്രതിരോധ മന്ത്രി മേൽനോട്ടം വഹിക്കും.