വാഷിങ്‌ടൺ : ചൈനയ്‌ക്ക് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഉപദ്രവിച്ചാൽ ഇന്ത്യ ആരെയും വെറുതെ വിടില്ല. ഇന്ത്യൻ സൈനികർ എന്തൊക്കെ ചെയ്‌തെന്നും കേന്ദ്ര സര്‍ക്കാര്‍ എന്ത് തീരുമാനങ്ങള്‍ എടുത്തതെന്നും തനിക്ക് തുറന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം അമേരിക്കയില്‍ പറഞ്ഞു.
'ഇന്ത്യ ശക്തമായ രാജ്യമായി മാറി':ചൈനയുമായുള്ള അതിർത്തി തര്‍ക്കത്തില്‍ ഇന്ത്യൻ സൈനികർ കാണിക്കുന്ന വീര്യത്തെക്കുറിച്ചും പ്രതിരോധ മന്ത്രി എടുത്തുപറഞ്ഞു. പക്ഷേ, ഇന്ത്യയെ ഉപദ്രവിച്ചാൽ രാജ്യം ആരെയും വെറുതെവിടില്ല എന്ന സന്ദേശം ചൈനയോട് തുറന്നടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യ ശക്തമായ രാജ്യമായി ഉയർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാഷിങ്‌ടൺ ഡി.സിയിൽ നടക്കുന്ന ഇന്ത്യ യു.എസ് 2+2 മന്ത്രിതല ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രതിരോധ മന്ത്രി. സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റ് നല്‍കിയ സ്വീകരണത്തില്‍ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.