ദ്രാസ് (ലഡാക്ക്):രാജ്യത്തിന്‍റെ അന്തസും ആത്മാഭിമാനവും കാത്തു സൂക്ഷിക്കാന്‍ ആവശ്യമെങ്കില്‍ നിയന്ത്രണ രേഖ മറി കടക്കാനും ഭാരതം മടിക്കില്ലെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ് വ്യക്തമാക്കി. അത്തരമൊരു സാഹചര്യത്തില്‍ മുഴുവന്‍ പൗരന്മാരുടേയും പിന്തുണ നമ്മുടെ സൈന്യത്തിന് നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കാര്‍ഗില്‍ വിജയ് ദിവസത്തിന്‍റെ ഇരുപത്തിനാലാം വാര്‍ഷിക ദിനത്തില്‍ കാര്‍ഗില്‍ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
" രാജ്യത്തിന്‍റെ അന്തസും പരമാധികാരവും ഉയര്‍ത്തിപ്പിടിക്കാന്‍ ഏതറ്റം വരെ പോകാനും രാജ്യം ഒരുക്കമാണ്. അതിനായി അതിര്‍ത്തിയിലെ നിയന്ത്രണ രേഖ കടക്കേണ്ടി വന്നാല്‍ അതിനും മടിയില്ല. അത്തരം ഒരു സാഹചര്യം ഉരുത്തിരിയുകയും അത്തരമൊരു നീക്കത്തിന് നിര്‍ബന്ധിതരാവുകയും ചെയ്താല്‍ ഞങ്ങള്‍ അതിനും തയ്യാറാവും. എപ്പോഴൊക്കെ യുദ്ധ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ ഭാരതത്തിലെ പൗരന്മാര്‍ നമ്മുടെ സൈന്യത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. പക്ഷേ അതൊക്കെ പരോക്ഷ പിന്തുണ ആയിരുന്നു.
ഇനി ഒരു യുദ്ധ സാഹചര്യം വന്നാല്‍ സൈന്യത്തിന് പ്രത്യക്ഷ പിന്തുണയുമായി യുദ്ധമുഖത്തേക്ക് ഇറങ്ങണമെന്ന് ഞാന്‍ ആഹ്വാനം ചെയ്യുകയാണ്. അതിനുള്ള മാനസികമായ തയ്യാറെടുപ്പ് നടത്തണം. " ഒരു വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യ - യുക്രൈൻ യുദ്ധം ഉദാഹരിച്ചു കൊണ്ടായിരുന്നു രാജ്‌നാഥ് സിങ്ങിന്‍റെ ആഹ്വാനം. ജനങ്ങള്‍ ഒറ്റക്കെട്ടായി യുദ്ധ രംഗത്തിറങ്ങിയതു കൊണ്ടാണ് യുക്രൈന് യുദ്ധം തുടര്‍ന്നു കൊണ്ടു പോകാനാവുന്നതെന്ന് ഇന്ത്യന്‍ പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി .
കാര്‍ഗില്‍ യുദ്ധം അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്നും പാക്കിസ്ഥാന്‍ നമ്മെ പുറകില്‍ നിന്ന് കുത്തുകയായിരുന്നുവെന്നും രാജ് നാഥ് സിങ്ങ് അഭിപ്രായപ്പെട്ടു. " പാക്കിസ്ഥാനുമായുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അവരുടെ ഭാഗത്തു നിന്ന് പ്രകോപനം ഉണ്ടായത്. ഓപ്പറേഷന്‍ വിജയ്‌യിലൂടെ നമ്മുടെ സൈനികര്‍ പാക്കിസ്ഥാന് മാത്രമല്ല ലോകത്തിനു മുഴുവന്‍ വ്യക്തമായ സന്ദേശം നല്‍കി. ദേശ താല്‍പ്പര്യം കഴിഞ്ഞേ മറ്റെന്തുമുള്ളൂവെന്നും എന്തു വിലകൊടുത്തും രാജ്യ താല്‍പ്പര്യം സംരക്ഷിക്കുമെന്നും ഇന്ത്യന്‍ സൈന്യം തെളിയിച്ചു കൊടുത്തു. ഇന്നും രാജ്യ താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ നാം പ്രതിജ്ഞ ബദ്ധരാണ്.
കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത നമ്മുടെ ധീര ജവാന്‍മാര്‍ പലരും പുതുമണവാളന്മാരായിരുന്നു. അല്ലെങ്കില്‍ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നവരായിരുന്നു. അതുമല്ലെങ്കില്‍ അവരുടെ കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു. പക്ഷേ അതൊന്നും നോക്കാതെയാണ് അവരൊക്കെ യുദ്ധമുഖത്ത് അണി നിരന്നത്. രാജ്യ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് സ്വജീവന്‍ പോലും ബലിയര്‍പ്പിച്ച വീര പുത്രന്മാരെ നന്ദിയോടെ സ്മരിക്കുകയാണ്. അവര്‍ കാണിച്ച വീര്യവും പരമമായ ത്യാഗവും ഒരിക്കലും പാഴാകില്ല. അവരുടെ പോരാട്ട വീര്യവും പരമമായ ജീവ ത്യാഗവും തലമുറകളെ പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കും." രാജ് നാഥ് സിങ്ങ് പറഞ്ഞു.
1999 ലായിരുന്നു ഓപ്പറേഷന്‍ വിജയ് എന്ന ഐതിഹാസിക പോരാട്ടത്തിലൂടെ ഇന്ത്യന്‍ സൈന്യം ലഡാക്കിലെ തന്ത്ര പ്രധാന മേഖലകളില്‍ നുഴഞ്ഞു കയറിയ പാക്കിസ്ഥാന്‍ സേനയെ തുരത്തി തീര്‍ത്തും പ്രതികൂല സാഹചര്യങ്ങളില്‍ ദ്രാസിലും കാര്‍ഗിലിലും ബതാലിക്കിലും വിജയം നേടിയത്. അതിന്‍റെ വീര സ്‌മരണകൾ നിലനിർത്തിയാണ് എല്ലാവർഷവും ജൂലൈ 26ന് കാർഗില്‍ വിജയ് ദിവസ് ആയി ആചരിക്കുന്നത്.
also read: Kargil Vijaya Divas| 'ഇന്ത്യയുടെ ധീരൻമാർക്ക്, സല്യൂട്ട്: വീരസ്‌മരണകൾക്ക് 24 വയസ്