ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളിലൊരാളായ എ.ജി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എൽ നാഗേശ്വര റാവു, ജസ്റ്റിസ് ബി.ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി. രാജീവ് വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിയ്ക്കപ്പെട്ട് 32 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് പേരറിവാളന്‍. നിലവില്‍ പരോളിലാണ്.
ഹർജിക്കാരന്‍റെ പെരുമാറ്റം, അനാരോഗ്യം, 30 വർഷത്തിലേറെയായി ജയിൽവാസം അനുഭവിച്ചു എന്നീ കാര്യങ്ങള്‍ പരിഗണിച്ചാണ് ജാമ്യം അനുവദിയ്ക്കുന്നതെന്ന് പരമോന്നത കോടതി അറിയിച്ചു. ജയിലില്‍ നിന്നുള്ള മോചനം ആവശ്യപ്പെട്ട് കൊണ്ടുള്ള പേരറിവാളന്‍റെ ഹർജിയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പേരറിവാളന്‍റെ ജാമ്യാപേക്ഷയെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.
1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വച്ച് തെരഞ്ഞെടുപ്പ് റാലിക്കിടെ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ചാവേർ ധനു ഉള്‍പ്പെടെ 14 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 1991 ജൂണില്‍ അറസ്റ്റിലാകുമ്പോള്‍ 19 വയസായിരുന്നു പേരറിവാളന്. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബില്‍ ഉപയോഗിച്ച സെല്‍ ബാറ്ററി വാങ്ങി നല്‍കിയത് പേരറിവാളനാണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
2014 ഫെബ്രുവരി 18ന് പേരറിവാളന്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചു. 2018 സെപ്റ്റംബര്‍ 9ന് പേരറിവാളന്‍ ഉള്‍പ്പെടെ കേസിലെ ഏഴ് പ്രതികളുടെ ജയില്‍ മോചനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന് ഗവര്‍ണര്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല.
Also read: കോണ്‍ഗ്രസില്‍ ഉടനെ ചേരുമെന്ന സൂചന നല്‍കി റോബര്‍ട്ട് വാദ്ര