ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്‍റെ പരോള്‍ ഒരാഴ്ച കൂടി സുപ്രീംകോടതി നീട്ടി. ആരോഗ്യ പരിശോധനകള്‍ ആവശ്യമാണെന്ന അപേക്ഷ പരിഗണിച്ചാണ് കോടതി തീരുമാനം. പരോള്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബഞ്ചിന്‍റെ തീരുമാനം.
പേരറിവാളന്‍റെ പരോള്‍ ഒരാഴ്ച കൂടി നീട്ടി - മദ്രാസ് ഹൈക്കോടതി പരോള്‍
പേരറിവാളന്‍റെ ആരോഗ്യ പരിശോധനക്കായാണ് സുപ്രീംകോടതി പരോള്‍ നീട്ടിയത്. പ്രതിക്ക് പൊലീസ് അകമ്പടി ഒരുക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു
ആശുപത്രിയില്‍ പോയപ്പോള്‍ പേരറിവാളന് പൊലീസ് സുരക്ഷ ഒരുക്കിയില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രതിക്ക് സുരക്ഷ ഒരുക്കണമെന്ന് കോടതി തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. അസുഖബാധിതനായ പിതാവിനെ സന്ദര്‍ശിക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിഗണിച്ച് ഈ മാസം ആദ്യമാണ് പേരറിവാളന് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചത്. നേരത്തെ പേരറിവാളന്‍റെ ജയില്‍ മോചനത്തിന് രണ്ട് വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതിനെ സുപ്രീംകോടതി വാക്കാല്‍ വിമര്‍ശിച്ചിരുന്നു.
സര്‍ക്കാര്‍ ശുപാര്‍ശയില്‍ പേരറിവാളനെ മോചിപ്പിക്കണമെന്ന ഹര്‍ജി ജനുവരിയില്‍ വീണ്ടും പരിഗണിക്കും. 2014 ഫെബ്രുവരി 18 നാണ് സുപ്രീംകോടതി വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്. ദയഹര്‍ജിയില്‍ 11 വര്‍ഷമായിട്ടും കേന്ദ്രം തീരുമാനമെടുക്കാത്ത സാഹചര്യത്തിലായിരുന്നു കോടതി നടപടി.