ചെന്നൈ :രാജീവ് ഗാന്ധി വധക്കേസില്‍ ആറ് കുറ്റവാളികളെ മോചിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയില്‍ നന്ദിയറിയിച്ച് കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന നളിനി ശ്രീഹരന്‍റെ അഭിഭാഷകന്‍ പി പുഗളേന്തി. കേസില്‍ നളിനി ശ്രീഹരനും ആർപി രവിചന്ദ്രനും ഉള്‍പ്പടെ ആറ് കുറ്റവാളികളെ കാലാവധി പൂര്‍ത്തിയാകും മുന്‍പ് മോചിപ്പിക്കാനുള്ള കോടതി ഉത്തരവിനോട് 'മഗിഴ്‌ച്ചി' എന്നറിയിച്ചാണ് അഭിഭാഷകന്‍ പ്രതികരിച്ചത്. ഗവര്‍ണര്‍ മന്ത്രിസഭയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നാണ് കോടതി വിധി സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'മഗിഴ്‌ച്ചി'; രാജീവ് വധക്കേസ് പ്രതികളെ മോചിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയില്‍ നന്ദിയറിയിച്ച് പി പുഗളേന്തി - മന്ത്രിസഭ
രാജീവ് ഗാന്ധി വധക്കേസില്‍ ആറ് കുറ്റവാളികളെ മോചിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയില്‍ നന്ദിയറിയിച്ച്, ശിക്ഷയനുഭവിക്കുന്ന നളിനി ശ്രീഹരന്‍റെ അഭിഭാഷകന്‍ പി പുഗളേന്തി
1981 ലെ റൂളിങ് പ്രകാരം തടവുകാര്‍ക്ക് മോചനം അനുവദിക്കാന്‍ ആര്‍ട്ടിക്കിള്‍ 161 പ്രകാരമുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണുള്ളത്. ഇതില്‍ മന്ത്രിസഭ തീരുമാനത്തെ അംഗീകരിക്കലാണ് ഗവര്‍ണറില്‍ നിക്ഷിപ്‌തമായിട്ടുള്ള കടമ. അതുകൊണ്ടുതന്നെ ആര്‍ട്ടിക്കിള്‍ 161 വളരെ വ്യക്തമാണെന്നും ഇതാണ് സംസ്ഥാന സര്‍ക്കാരിന്‍റെയും സുപ്രീം കോടതിയുടെയും നിലപാടുകളില്‍ വ്യക്തമായതെന്നും പി പുഗളേന്തി അറിയിച്ചു. ഏഴ് കുറ്റവാളികളെ മോചിപ്പിക്കാനുള്ള തീരുമാനം 2018 ല്‍ തന്നെ തമിഴ്‌നാട് മന്ത്രിസഭ എടുത്തതാണെന്നും എന്നാല്‍ കേന്ദ്രവുമായുള്ള രാഷ്‌ട്രീയ കാരണങ്ങളാല്‍ ഇത് നീണ്ടുപോവുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കാലയളവിലെല്ലാം ഇവര്‍ അനധികൃത തടവിലായിരുന്നുവെന്നും ഭരണഘടന ലംഘിക്കപ്പെടുകയായിരുന്നെന്ന് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ജസ്‌റ്റിസുമാരായ ബി.ആർ ഗവായ്, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബഞ്ചിന്‍റെതാണ് രാജീവ് ഗാന്ധി വധക്കേസില്‍ ആറ് കുറ്റവാളികളെ മോചിപ്പിക്കാനുള്ള ഉത്തരവ്. പ്രതികള്‍ 30 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞെന്നും ഇവരുടെ പെരുമാറ്റം തൃപ്‌തികരമായിരുന്നെന്നും നിരീക്ഷിച്ചാണ് കോടതി ഉത്തരവ്. എന്നാല്‍ 2014 ല്‍ ജയലളിത മുഖ്യമന്ത്രിയായി ഇരിക്കെയാണ് രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ മോചിപ്പിക്കാനുള്ള നടപടികളിലേക്ക് നീങ്ങുന്നത്. തുടര്‍ന്ന് നടന്ന വാദങ്ങള്‍ക്കിടെ അടുത്തിടെ മെയിലാണ് ശിക്ഷയനുഭവിച്ചിരുന്ന പേരറിവാളനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയത്.