വെല്ലൂര്‍ (തമിഴ്‌നാട്) :രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീം കോടതി വിട്ടയച്ച നളിനി ശ്രീഹരനുള്‍പ്പടെ ആറുപേര്‍ ജയില്‍ മോചിതരായി. നളിനിയും മറ്റ് അഞ്ചുപേരും നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ജയില്‍ മോചിതരായത്. തമിഴ്‌നാട് സ്വദേശികളായ നളിനി, ആര്‍പി രവിചന്ദ്രന്‍, ശ്രീലങ്കന്‍ പൗരന്മാരായ നളിനിയുടെ ഭര്‍ത്താവ് വി ശ്രീഹരന്‍ എന്ന മുരുകന്‍, ശാന്തന്‍ എന്ന ടി സുതേന്ദ്രരാജ, റോബര്‍ട് പയസ് എന്നീ ആറുപേരെയാണ് കോടതി കഴിഞ്ഞ ദിവസം മോചിപ്പിച്ചത്.
ഒരു മാസമായി പരോളിലായിരുന്ന നളിനി പൊലീസ് സംരക്ഷണയില്‍ കാട്‌പാടി പൊലീസ് സ്‌റ്റേഷനിലും ഇവിടെ നിന്ന് വെല്ലൂര്‍ പ്രത്യേക വനിത ജയിലിലുമെത്തി മോചനവുമായി ബന്ധപ്പെട്ട രേഖകളിലെ നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ശേഷം ജയില്‍ മോചിതയായി. തുടര്‍ന്ന് ഭര്‍ത്താവ് ശ്രീഹരന്‍റെ മോചന സമയത്ത് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നളിനി നേരിട്ടെത്തി. ശ്രീഹരനെ കണ്ടപ്പോള്‍ നളിനി വികാരഭരിതയായി.
ശ്രീഹരന്‍, ശാന്തന്‍ എന്നിവരുമായുള്ള പൊലീസ് വാഹനം തിരുച്ചിറപ്പള്ളിയിലെ പ്രത്യേക അഭയാര്‍ഥി ക്യാമ്പിലേയ്ക്ക് നീങ്ങി. പുഴല്‍ ജയിലിലുള്ള റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരെയും മധുര സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള രവിചന്ദ്രനെയും തിരുച്ചിറപ്പള്ളിയിലേയ്ക്ക് മാറ്റി. നളിനി ശ്രീഹരന്‍ വൈകിട്ടോടെ ജയില്‍ മോചിതയായെന്നും സ്വതന്ത്രയായ അവര്‍ക്ക് ഭാവിയെ കുറിച്ച് തീരുമാനിക്കാമെന്നും അഭിഭാഷകനായ പി പുകഴേന്തി അറിയിച്ചു.
നളിനി ചെന്നൈയില്‍ തന്നെ തുടരുമോ അതോ ലണ്ടനിലുള്ള മകളുടെ അടുത്ത് പോകുമോ എന്നതിനെ കുറിച്ച് വ്യക്തമല്ലെന്നും ഇക്കാര്യത്തില്‍ നളിനി തന്നെ വിശദീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നളിനിയുടെ ഭര്‍ത്താവിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ശ്രീലങ്കന്‍ പൗരനായതിനാല്‍ സംസ്ഥാന സര്‍ക്കാരാകും തീരുമാനമെടുക്കുകയെന്ന് പുകഴേന്തി അറിയിച്ചു.
ജസ്‌റ്റിസുമാരായ ബിആർ ഗവായ്, ബിവി നാഗരത്‌ന എന്നിവരടങ്ങിയ ബഞ്ചാണ് രാജീവ് ഗാന്ധി വധക്കേസില്‍ ആറ് കുറ്റവാളികളെ വിട്ടയയ്‌ക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികള്‍ 30 വര്‍ഷത്തോളം ജയിലില്‍ ശിക്ഷ അനുഭവിച്ചുവെന്നും ഇവരുടെ പെരുമാറ്റം തൃപ്‌തികരമായിരുന്നെന്നും നിരീക്ഷിച്ചായിരുന്നു കോടതി ഉത്തരവ്. കഴിഞ്ഞ മെയില്‍ പേരറിവാളനെ സുപ്രീം കോടതി വിട്ടയച്ചിരുന്നു.