ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 79-ാം ജന്മവാർഷികത്തിൽ പുഷ്‌പാഞ്ജലിയുമായി രാജ്യം. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി (CPP) അധ്യക്ഷ സോണിയ ഗാന്ധി ഞായറാഴ്‌ച വീർഭൂമിയിൽ പുഷ്‌പാർച്ചന നടത്തി. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര, റോബർട്ട് വാദ്ര, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരും ഇന്ന് രാവിലെ രാജീവ് ഗാന്ധിയുടെ സ്‌മാരകമായ വീർഭൂമിയിൽ ആദരാഞ്ജലി അർപ്പിച്ചു.
ലഡാക്കിൽ നാല് ദിവസത്തെ പര്യടനത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്‍റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയെ അനുസ്‌മരിച്ചു."പാപ്പാ, വിലമതിക്കാനാകാത്ത ഓർമകളിൽ നിന്നാണ് നിങ്ങൾ ഇന്ത്യയെ കുറിച്ച് സ്വപ്‌നങ്ങൾ കാണിക്കുന്നത്. നിങ്ങളുടെ അടയാളമാണ് എന്‍റെ വഴി. ഓരോ ഇന്ത്യക്കാരന്‍റെയുെം പോരാട്ടങ്ങളും സ്വപ്‌നങ്ങളും മനസിലാക്കുക, ഭാരതമാതാവിന്‍റെ ശബ്‌ദം കേൾക്കുക" എക്‌സ് അക്കൗണ്ടില്‍ (Twitter) അദ്ദേഹം പോസ്‌റ്റ് ചെയ്‌തു.
ആഗസ്‌റ്റ് 20 ന് രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ലഡാക്കിലെ പാംഗോങ് തടാകത്തിലേക്ക് ബൈക്ക് യാത്ര നടത്തിയിരുന്നു. "പാങ്കോങ് തടാകത്തിലേക്കുള്ള ഞങ്ങളുടെ യാത്രയിൽ എന്‍റെ അച്ഛൻ പറയാറുണ്ടായിരുന്നു ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ഇതെന്ന്". സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ രാഹുൽ ഗാന്ധി ഇങ്ങനെ കുറിച്ചു.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 79-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പാംഗോങ് തടാകത്തിന്‍റെ തീരത്ത് ഇന്ന് പ്രാർത്ഥന സമ്മേളനം നടക്കും. രണ്ട് ദിവസത്തെ കേന്ദ്രഭരണ പ്രദേശം സന്ദർശനത്തിനായി രാഹുൽ ഗാന്ധി വ്യാഴാഴ്‌ച ലേയിൽ എത്തിയെങ്കിലും അദ്ദേഹത്തിന്‍റെ പര്യടനം ഓഗസ്‌റ്റ് 25 വരെ നീട്ടിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.