സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിന്‍റേതായി Rajinikanth റിലീസിനൊരുങ്ങുന്ന 'ജയിലറി'ലെ Jailer രണ്ടാമത്തെ ഗാനം സംബന്ധിച്ച അപ്‌ഡേറ്റ് പുറത്ത്. 'ഹുക്കും' Hukum എന്ന് പേരിട്ടിരിക്കുന്ന ഗാനം ജൂലൈ 17ന് എത്തും. ഉത്തരവ് എന്നാണ് ഉര്‍ദുവില്‍ 'ഹുക്കു'മിന്‍റെ അര്‍ഥം.
നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സാണ് സോഷ്യല്‍ മീഡിയയിലൂടെ പാട്ടിന്‍റെ അപ്‌ഡേറ്റ് പുറത്തുവിട്ടത്. 'ഹുക്കും, ഇത് കടുവയുടെ ഉത്തരവാണ്. ജയിലറിലെ രണ്ടാം ഗാനം ജൂലൈ 17ന് റിലീസ് ചെയ്യും' - സണ്‍പിക്‌ചേഴ്‌സ് പുതിയ ഗാനത്തിന്‍റെ അപ്‌ഡേറ്റ് വീഡിയോ പങ്കുവച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു.
'ജയിലറി'ലെ രജനികാന്തിന്‍റെ രഹസ്യ നാമമാണ് ടൈഗര്‍ എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്.
അടുത്തിടെയാണ് 'ജയിലറി'ലെ ആദ്യ ഗാനം 'കാവാലാ' Kaavaalaa പുറത്തിറങ്ങിയത്. 'കാവാല' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആയിരുന്നു നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. ആദ്യ ഗാനം പുറത്തിറങ്ങി ദിവസങ്ങള്‍ക്കകമാണ് രണ്ടാമത്തെ ഗാനത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ പുറത്തുവരുന്നത്. 3.12 മിനിട്ട് ദൈര്‍ഘ്യമുള്ള ഗാനത്തില്‍ ഐറ്റം നമ്പറുമായി തമന്നയും Tamannaah സ്‌റ്റൈലിഷ് സ്‌റ്റെപ്പുകളുമായി രജനികാന്തും പ്രത്യക്ഷപ്പെടുന്നുണ്ട്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 'ജയിലര്‍' പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്‍റെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ആവേശപൂര്‍വം സ്വീകരിക്കാറുണ്ട്. നെല്‍സണ്‍ ദിലീപ്‌കുമാര്‍ ആണ് സിനിമയുടെ സംവിധാനം.
ഒരു ആക്ഷന്‍ കോമഡി ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ തിരക്കഥയും നെല്‍സണ്‍ ദിലീപ് കുമാര്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യം എടുക്കാന്‍ നെല്‍സണിന് രജനികാന്ത് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. 'ജയിലറി'ന്‍റെ ചിത്രീകരണത്തിന് വേണ്ടി റാമോജി റാവു ഫിലിം സിറ്റിയില്‍ ഒരു കൂറ്റന്‍ സെറ്റും ഒരുക്കിയിരുന്നു.
ഇതാദ്യമായാണ് ബിഗ് സ്‌ക്രീനില്‍ നെല്‍സണ്‍ ദിലീപ്‌കുമാര്‍ - രജനികാന്ത് കോംബോ എത്തുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ 'ജയിലറു'ടെ വേഷത്തിലാണ് ചിത്രത്തില്‍ രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്‌റ്റ് ആലി ഹക്കീം ആണ് സിനിമയില്‍ രജനികാന്തിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.
മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും Mohanlal 'ജയിലറി'ന്‍റെ ഭാഗമാകും. അതിഥി വേഷത്തിലാകും മോഹന്‍ലാല്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജാക്കി ഷറഫ്, യോഗി ബാബു, രമ്യ കൃഷ്‌ണന്‍, വിനായകന്‍, ശിവ രാജ്‌കുമാര്‍, മിര്‍ണ മേനോന്‍, നാഗ ബാബു, ജാഫര്‍ സാദിഖ്, കിഷോര്‍, സുനില്‍വാസന്ത് രവി, കിഷോര്‍, മിഥുന്‍, സുഗന്തന്‍, ശരവണന്‍, ബില്ലി മുരളി, അര്‍ഷാദ്, റിത്വിക്, കരാട്ടെ കാര്‍ത്തി, മാരിമുത്ത് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക.
Also Read:'കാവാലാ' എത്തി ; ഐറ്റം ഡാന്‍സുമായി തമന്ന, സ്‌റ്റൈലന്‍ ചുവടുകളുമായി രജനികാന്തും
സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് സിനിമയുടെ നിര്‍മാണം. വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ് ഛായാഗ്രഹണം. സ്‌റ്റണ്ട് ശിവ ആക്ഷന്‍ കൊറിയോഗ്രാഫിയും നിര്‍വഹിച്ചിരിക്കുന്നു. 'അണ്ണാത്തെ'യ്‌ക്ക് ശേഷമുള്ള രജനികാന്ത് ചിത്രം കൂടിയാണിത്. പ്രേക്ഷകര്‍ക്കുള്ള ഒരു മികച്ച ട്രീറ്റ് ആയിരിക്കും 'ജയിലര്‍' എന്നതില്‍ സംശയമില്ല. ഓഗസ്‌റ്റ് 10ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.