കേരളം

kerala

ETV Bharat / bharat

'വിജയകാന്തിനെ പോലെ നല്ലൊരു വ്യക്തിയെ ഒരിക്കലും ലഭിക്കില്ല'; വികാരാധീനനായി രജിനികാന്ത് - രജിനികാന്ത്

Rajinikanth mourns Vijayakanth's death: വിജയകാന്തിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി രജിനികാന്ത്. ഡിഎംഡികെ ഓഫിസിൽ അന്തിമോപചാരം അർപ്പിക്കാൻ എത്തിയ അദ്ദേഹം വിജയകാന്തിന്‍റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്‌തു.

Vijayakanth death  Rajinikanth  രജിനികാന്ത്  വിജയകാന്ത് മരണം
Rajinikanth mourns Vijayakanth's death

By ETV Bharat Kerala Team

Published : Dec 29, 2023, 3:01 PM IST

Updated : Dec 29, 2023, 6:21 PM IST

ചെന്നൈ : അന്തരിച്ച പ്രമുഖ തമിഴ് ചലച്ചിത്ര താരവും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് അന്തിമോപചാരം അർപ്പിച്ച് നടൻ രജിനികാന്ത്. ഡിഎംഡികെ ഓഫിസിലെത്തിയാണ് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചത്. വിജയകാന്തിന്‍റെ ഭാര്യ പ്രേമലതയെ ആശ്വസിപ്പിച്ചതിന് ശേഷം രജിനികാന്ത് മടങ്ങി.

വിജയകാന്തിന്‍റെ വിയോഗത്തിൽ വളരെ വൈകാരികമായി മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചിരുന്നു. വിജയകാന്തിനെ പോലെ നല്ലൊരു വ്യക്തിയെ ഒരിക്കലും ലഭിക്കില്ല. രാഷ്‌ട്രീയത്തിലും സിനിമയിലും അദ്ദേഹത്തെപ്പോലെ മറ്റാരുമില്ല. ഈ നഷ്‌ടം നികത്താനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

അനുശോചനം രേഖപ്പെടുത്തി പ്രമുഖർ: രാഷ്ട്രീയ നേതാക്കളും അഭിനേതാക്കളും ഉൾപ്പെടെ നിരവധി പേർ വിജയകാന്തിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി പളനിസ്വാമി, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ, പിഎംകെ സ്ഥാപകൻ രാമദാസ്, പ്രസിഡന്‍റ് അൻപുമണി രാമദാസ്, സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരശൻ, സിനിമ താരങ്ങളായ കമൽഹാസൻ, വിജയ്, വിശാൽ, ശരത് കുമാർ, ശാന്തനു ഭാഗ്യരാജ്, തൃഷ, രമ്യ സുബ്രഹ്മണ്യൻ, ഐശ്വര്യ രാജേഷ്, കവിൻ, ശ്രീയ റെഡ്ഡി, വിക്രം, ഗൗതം തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.

നടൻ, ജനപ്രിയനായ നേതാവ് എന്നീ നിലകളിൽ നേട്ടങ്ങളുടെ മാത്രം ഉടമയാണ് വിജയകാന്ത് എന്നാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചന സന്ദേശത്തിൽ അറിയിച്ചത്. പൊതുരംഗവും കലാരംഗവും അവിസ്‌മരണീയമാക്കിയ വിജയകാന്ത് ജനമനസുകളിൽ എന്നും ജീവിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി പളനിസ്വാമി പറഞ്ഞു.

പ്രിയ സഹോദരൻ വിജയകാന്തിന്‍റെ മരണ വാർത്ത ഏറെ ദുഃഖമുണ്ടാക്കിയെന്ന് കമൽഹാസൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചിരുന്നു. വിജയകാന്തിന്‍റെ മരണം ഞെട്ടിച്ചു എന്നും അദ്ദേഹം സുഖം പ്രാപിച്ച് വീണ്ടും സജീവമാകുമെന്ന പ്രതീക്ഷിച്ച ലക്ഷക്കണക്കിന് ആളുകൾക്ക് നിരാശയാണുണ്ടായതെന്നുമാണ് അഖിലേന്ത്യ സമത്വ മക്കൾ കക്ഷി നേതാവും നടനുമായ ശരത്കുമാർ കുറിച്ചത്.

അസുഖബാധിതനായ വിജയകാന്ത് ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു. ആരോഗ്യസ്ഥിതി മോശമായതിന് പിന്നാലെ അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെയോടെ മരണം സംഭവിച്ചു.

അനാരോഗ്യത്തെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ നിന്നും സിനിമയില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. ഭാര്യ പ്രേമലതയുടെ നേതൃത്വത്തിലായിരുന്നു പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.

Last Updated : Dec 29, 2023, 6:21 PM IST

ABOUT THE AUTHOR

...view details