റെക്കോര്‍ഡുകള്‍ സ്വന്തമാക്കി രജനികാന്തിന്‍റെ 'ജയിലര്‍'. ഓഗസ്‌റ്റ് 10 ന് റിലീസായ ചിത്രം പ്രദര്‍ശന ദിനം തന്നെ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്തിരുന്നു. റിലീസ് ചെയ്‌ത് ഏഴ് ദിനം പിന്നിടുമ്പോള്‍ ചിത്രം ബോക്‌സ് ഓഫിസില്‍ 450 കോടി കടന്നിരിക്കുകയാണ്. ഇതോടെ തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ വേഗത്തില്‍ 150 കോടി കടക്കുന്ന ചിത്രമെന്ന ചരിത്ര നേട്ടവും 'ജയിലര്‍' നേടി.
450.80 കോടി രൂപയാണ് 'ജയില'റിന്‍റെ ആഗോള ഗ്രോസ് കലക്ഷന്‍. ട്രേഡ് അനലിസ്‌റ്റ് മനോബാല വിജയബാലന്‍ ആണ് 'ജയിലര്‍' കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പ്രദര്‍ശന ദിനത്തില്‍ 95.78 കോടി രൂപയാണ് ചിത്രം ആഗോള തലത്തില്‍ നേടിയതെന്നും മനോബാല പറയുന്നു.
'ജയിലർ ആഗോള ബോക്‌സ് ഓഫിസ് കലക്ഷന്‍.
വെറും 7 ദിവസം കൊണ്ട് 450 കോടി ക്ലബ്ബിൽ ഇടംപിടിച്ചു.
ജയിലര്‍ ആദ്യ ദിനം - 95.78 കോടി രൂപ
ജയിലര്‍ രണ്ടാം ദിനം - 56.24 കോടി രൂപ
ജയിലര്‍ മൂന്നാം ദിനം - 68.51 കോടി രൂപ
ജയിലര്‍ നാലാം ദിനം - 82.36 കോടി രൂപ
ജയിലര്‍ അഞ്ചാം ദിനം - 49.03 കോടി രൂപ
ജയിലര്‍ ആറാം ദിനം - 64.27 കോടി രൂപ
ജയിലര്‍ ഏഴാം ദിനം - 34.61 കോടി രൂപ
ആകെ - 450.80 കോടി രൂപ ' - മനോബാല വിജയബാലന്‍ ട്വിറ്ററില്‍ കുറിച്ചു.
തമിഴ്‌നാട്ടിൽ 159.02 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. ഏഴ് ദിവസം കൊണ്ട് തമിഴ്‌നാട്ടില്‍ 150 കോടിയിലെത്തിയ ജയിലറിന്‍റേത് തമിഴ് സിനിമാചരിത്രത്തിലെ എക്കാലത്തെയും മികച്ച കലക്ഷന്‍ ആണെന്നും മനോബാല വിജയബാലൻ പറഞ്ഞു.
പ്രഖ്യാപനം മുതല്‍ വലിയ ഹൈപ്പുകള്‍ ലഭിച്ച നെല്‍സണ്‍ ദിലീപ്‌കുമാര്‍ - രജനികാന്ത് ചിത്രം 'ജയിലര്‍' ആദ്യ വാരാന്ത്യത്തിൽ തന്നെ ഇന്ത്യയിൽ നിന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഓഗസ്‌റ്റ് 10ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഏഴാം ദിനത്തിലും തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടുകയാണ്.
റിലീസ് ദിനത്തില്‍ തന്നെ 'ജയിലര്‍' നിരവധി റെക്കോഡുകൾ തകർത്തെറിഞ്ഞു. 2023ലെ തമിഴ്‌നാട്ടിലെ തകര്‍പ്പന്‍ ഓപ്പണിങ് ചിത്രം, 2023ലെ യുഎസ്എയിലെ ഉഗ്രന്‍ ഇന്ത്യൻ പ്രീമിയർ, 2023ലെ വിദേശത്തെ തമിഴ് ഓപ്പണർ എന്നീ റെക്കോഡുകളാണ് 'ജയിലര്‍' സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ മാത്രമല്ല, കേരളത്തിലും 2023ലെ വലിയ ഓപ്പണിങ്ങായിരുന്നു 'ജയിലര്‍'.
തമിഴ്‌നാട്ടിലെ 900 സ്‌ക്രീനുകളിലും ലോകമെമ്പാടുമുള്ള 7,000 സ്‌ക്രീനുകളിലുമാണ് ചിത്രം റിലീസ് ചെയ്‌തത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു രജനികാന്ത് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 'അണ്ണാത്തെ' ആയിരുന്നു രജനികാന്തിന്‍റേതായി ഇതിന് മുമ്പ് പുറത്തിറങ്ങിയ ചിത്രം.
തമിഴകത്ത് സോളോ റിലീസായി എത്തിയ 'ജയിലറി'ന് തമിഴ് സിനിമ മേഖലയില്‍ ബോക്‌സ് ഓഫിസില്‍ എതിരാളികള്‍ ഇല്ലായിരുന്നെങ്കിലും ബോളിവുഡില്‍ കടുത്ത മത്സരം നേരിടേണ്ടി വന്നിരുന്നു. 'ജയിലര്‍' റിലീസിന് പിന്നാലെ സണ്ണി ഡിയോളിന്‍റെ 'ഗദർ 2', അക്ഷയ് കുമാറിന്‍റെ 'ഓ മൈ ഗോഡ് 2', ചിരഞ്ജീവിയുടെ തെലുഗു ചിത്രം 'ഭോല ശങ്കർ' എന്നീ ചിത്രങ്ങള്‍ ഓഗസ്‌റ്റ് 11ന് തിയേറ്ററുകളില്‍ എത്തിയിരുന്നു.
മുത്തുവേൽ പാണ്ഡ്യന്‍ അഥവാ ടൈഗര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിച്ചത്. തടവിലാക്കപ്പെട്ട നേതാവിനെ മോചിപ്പിക്കാൻ പദ്ധതിയിടുന്ന ക്രിമിനലുകളുടെ ഒരു സംഘത്തെ പരാജയപ്പെടുത്താനുള്ള ദൗത്യം ഏറ്റെടുക്കുകയാണ് സിനിമയില്‍ മുത്തുവേൽ പാണ്ഡ്യന്‍.
Also Read:Jailer Box Office Collection | 3 ദിനംകൊണ്ട് 100 കോടി ക്ലബ്ബില്‍; ബോക്‌സ് ഓഫിസില്‍ കുതിച്ച് ജയിലര്‍
രജനികാന്ത് നായകനായി എത്തിയപ്പോള്‍ വില്ലനായി എത്തിയത് മലയാള നടന്‍ വിനായകനാണ്. മോഹന്‍ലാല്‍ അതിഥി വേഷത്തിലും എത്തിയിരുന്നു. കൂടാതെ തമന്ന, ശിവരാജ്‌കുമാർ, യോഗി ബാബു, സുനിൽ, ജാക്കി ഷ്റോഫ് എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തി.