ഹൈദരാബാദ്: തിയേറ്ററുകളിൽ വ്യാഴാഴ്‌ച റിലീസായ സൂപ്പർ സ്‌റ്റാർ രജനികാന്തിന്‍റെ ഏറ്റവും പുതിയ ചിത്രം ജയിലർ ബോക്‌സോഫിസ് കുതിപ്പ് തുടരുന്നു. തിയേറ്ററുകളിൽ ആരാധകരെ ഇളക്കിമറിച്ച ചിത്രം രണ്ട് ദിവസംകൊണ്ട് 100 കോടി നേടിയാണ് വിജയഗാഥ തുടരുന്നത്. എല്ലാ പ്രതീക്ഷകളെയും മറികടന്ന് ലോകത്തെമ്പാടുനിന്നുമായി ഇതുവരെ 200 കോടി കലക്ഷന്‍ നേടിയിട്ടുണ്ട്. ഇതോടെ ചിത്രം 500, 600 കോടി രൂപയിലധികം മൊത്തം കലക്ഷന്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്രേഡ് അഗ്രഗേറ്റർ സാക്‌നിൽക് പറയുന്നതനുസരിച്ച് ആദ്യ ദിവസം തന്നെ 48.35 കോടി രൂപയും രണ്ടാം ദിനം 25.75 കോടി രൂപയും മൂന്നാം ദിനം 35 കോടി രൂപയും സിനിമ നേടിയിട്ടുണ്ട്. വെബ്‌സൈറ്റുകളുടെ കണക്കനുസരിച്ച് ചിത്രം പുറത്തിറങ്ങി 4ാം ദിനം തന്നെ 38 കോടി രൂപയാണ് നേടിക്കഴിഞ്ഞത്. ഇന്ത്യന്‍ കലക്ഷന്‍ അനുസരിച്ച് 147 കോടി രൂപയും സ്വന്തമാക്കി. ഇതോടെ ലോകമെമ്പാടു നിന്നുമായുളള കലക്ഷന്‍ 300 കോടിയിലേക്ക് എത്തുകയാണ്.
സ്വാതന്ത്ര്യ ദിനത്തിലെ പ്രകടനത്തോടെ ചിത്രം 300 കോടി ക്ലബിൽ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഇന്ത്യയിൽ നിന്നും ഉടന്‍ 150 കോടി രൂപ കടക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. രജനികാന്തിന്‍റെ 2.0 കഴിഞ്ഞാൽ ഏറ്റവും വേഗത്തിൽ 300 കോടിയിലെത്തുന്ന രണ്ടാമത്തെ തമിഴ് ചിത്രമായി ജയിലർ മാറും.
നെൽസണ്‍ ദിലീപ് കുമാറിന്‍റെ മുന്‍ ചിത്രമായ ബീസ്‌റ്റ് തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ബീസ്റ്റിനുണ്ടായ ബോക്‌സോഫിസ് തകർച്ചയെ ജയിലറിലൂടെ മറികടക്കാന്‍ അദ്ദേഹത്തിന് കഴിയുമോ എന്ന് ആരാധകർ ഉറ്റുനോക്കിയിരുന്നു. എന്നാൽ നെൽസന്‍റെ സിനിമ ഇപ്പോൾ അത്തരം ആശങ്കകൾക്കെല്ലാം വിരാമമിട്ടിരിക്കുകയാണ്.