സൂപ്പര്‍സ്‌റ്റാര്‍ രജനികാന്ത് (Rajinikanth) കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ (UP CM Yogi Adityanath) സന്ദര്‍ശിച്ചതും അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് വന്ദിച്ചതും വിവാദമായ സാഹചര്യത്തില്‍ നിരവധി പേരാണ് വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ താരത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.
നടന്‍ ഹരീഷ് പേരടിയും (Hareesh Peradi) രജനികാന്തിന്‍റെ ഈ പ്രവര്‍ത്തിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മനുഷ്യ ശരീരത്തിലെ ഒരു ദളിത് അവയവമല്ല കാല് എന്നാണ് ഹരീഷ് പേരടി പ്രതികരിച്ചിരിക്കുന്നത്. രജനികാന്തിന്‍റെ പേര് പരാമര്‍ശിക്കാതെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ കാല്‍ തൊട്ട് വന്ദിക്കുന്ന താരത്തിന്‍റെ ചിത്രം പങ്കുവച്ച് കൊണ്ടായിരുന്നു ഹരീഷ് പേരടി ഫേസ്‌ബുക്കില്‍ പോസ്‌റ്റ് പങ്കുവച്ചത്.
'മനുഷ്യ ശരീരത്തിലെ തുല്യ പ്രാധാന്യമുള്ള രണ്ട് അവയവങ്ങളാണ് കയ്യും കാലും... ചെറിയ കുട്ടികൾ പിച്ചവെച്ച് നടക്കാൻ തുടങ്ങിയതിന് ശേഷം എത്രയോ കാലം കഴിഞ്ഞാണ് ഒരു കൈ കൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതും മറു കൈ കൊണ്ട് വിസർജ്ജ്യം കഴുകി കളയുന്നതും... വ്യക്തിത്വം രൂപപെടുന്നതിൽ കാലുകൾക്ക്, കൈകളെക്കാൾ കുറച്ച് മൂപ്പ് കൂടുതലാണ്...
ഭൂമിയിൽ ചവുട്ടി നിന്നതിന് ശേഷമാണല്ലോ മറ്റൊരാളുടെ കൈ ഒക്കെ പിടിച്ചു കുലുക്കുന്നത്... എന്തായാലും കൈ കുലക്കണമോ, കാലിൽ തൊടണമോ, സല്യൂട്ട് അടിക്കണമോ, മുഷ്‌ടി ചരുട്ടി കുലക്കണമോ.. ഇതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്... ഞാൻ കാല് തൊട്ട് അനുഗ്രഹം വാങ്ങിയ കുറച്ച് പേർ... കെ.ടി.സാർ, കുളൂർ മാഷ്, മധു മാസ്‌റ്റർ, മമ്മുക്ക, ലാലേട്ടൻ, തിലകൻ ചേട്ടൻ, നെടുമുടി വേണുചേട്ടൻ, മാമുക്കോയ സാർ, ഭരത് ഗോപി സാർ അങ്ങിനെ കുറെ പേരുണ്ട്...