ചെന്നൈ : ശബ്‌ദം അടിസ്ഥാനമാക്കി മകൾ സൗന്ദര്യ വികസിപ്പിച്ച സമൂഹ മാധ്യമമായ ഹൂട്ട് ഉദ്ഘാടനം ചെയ്‌ത് തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത്. 15 ഇന്ത്യൻ ഭാഷകളിലും 10 വിദേശ ഭാഷകളിലും 60 സെക്കന്‍റ് ലൈവായി ശബ്‌ദം റെക്കോഡ് ചെയ്യാനാവുന്ന സമൂഹ മാധ്യമമാണ് ഹൂട്ട്.
സെലിബ്രിറ്റികൾക്ക് അവരുടെ സ്വന്തം ശബ്‌ദത്തിലും മാതൃഭാഷയിലും ആരാധകരുമായി സംവദിക്കാൻ ഹൂട്ട് സഹായിക്കും. അവരെ തമ്മിൽ വൈകാരികമായി ബന്ധിപ്പിക്കാന്‍ ഈ മാധ്യമം വഴിയൊരുക്കുമെന്ന് സൗന്ദര്യയും സംഘവും പറയുന്നു.
മൂങ്ങയുടെ ശബ്‌ദമാണ് ഹൂട്ട്. വെള്ള മൂങ്ങയെ ജ്ഞാനത്തിന്‍റെ പ്രതീകമായി കണക്കാക്കുന്നതിനാലാണ് തന്‍റെ ആപ്പിന് ഹൂട്ട് എന്ന പേര് നൽകിയത്. സണ്ണി പൊകാലയുമായി ചേർന്നാണ് സൗന്ദര്യ കമ്പനി സ്ഥാപിച്ചത്.
Also Read: സിനിമാമലയാളത്തിന് അഭിമാനനിമിഷം ; ദേശീയ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി ചലച്ചിത്ര പ്രവര്‍ത്തകര്‍
ലോകത്തിനായുള്ള ഇന്ത്യയിലെ ആദ്യത്തെ ശബ്‌ദാധിഷ്‌ഠിത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ഹൂട്ട് എന്ന് സൗന്ദര്യ പറയുന്നു.
ഹൈദരാബാദിൽ 'അണ്ണാത്തെ' സിനിമയുടെ ചിത്രീകരണത്തിനിടെ രജനികാന്ത് അയച്ച ശബ്ദ സന്ദേശമാണ്, സെലിബ്രിറ്റികളെയോ നേതാക്കളെയോ അവരുടെ ആരാധകരുമായോ അനുയായികളുമായോ ബന്ധിപ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോം കൊണ്ടുവരാൻ പ്രചോദിപ്പിച്ചതെന്ന് സൗന്ദര്യ മാധ്യമങ്ങളോട് പറഞ്ഞു.
ദാദാ സാഹെബ് ഫാൽകെ അവാർഡ് സ്വീകരിക്കാൻ ഡൽഹിയിൽ എത്തിയ രജനികാന്ത് 'എഴുതാനും വായിക്കാനും കഴിയാത്തവർക്കും അവരുടെ ശബ്ദത്തിലൂടെ സംവദിക്കാൻ കഴിയും' എന്ന ശബ്ദ സന്ദേശം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഹൂട്ട് ആപ്പ് ഉദ്ഘാടനം ചെയ്‌തത്.