ജയ്‌പൂര്‍: സൈനിക റിക്രൂട്ട്മെന്‍റ് വൈകുന്നതിനെതിരെ രാജസ്ഥാനിലെ സിക്കാറില്‍ നിന്ന് ഡല്‍ഹി വരെ ഓടി പ്രതിഷേധിച്ച് യുവാവ്. നാഗൗര്‍ സ്വദേശി സുരേഷ് ബിച്ചറാണ് 50 മണിക്കൂര്‍ കൊണ്ട് 300 കിലോമീറ്റര്‍ ദൂരം മറികടന്നത്. സൈനിക റിക്രൂട്ട്മെന്‍റ് വൈകുന്നതിനെതിരെ ജന്തർ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനാണ് യുവാവ് ഡല്‍ഹിയിലെത്തിയത്.
മാര്‍ച്ച് 29 രാത്രി 9ന് സിക്കാറിലെ ജില്ല സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച ഓട്ടം ഏപ്രില്‍ 2ന് വൈകിട്ട് 6 മണിക്ക് ഡല്‍ഹിയില്‍ അവസാനിപ്പിച്ചു. ഒരു മണിക്കൂര്‍ കൊണ്ട് 6 കിലോമീറ്ററാണ് താണ്ടിയത്. ഭക്ഷണം കഴിക്കുന്നതിനായി 50 മണിക്കൂറിനിടെ ഒരു തവണ ഇടവേളയെടുത്തു.
സുരേഷിന്‍റെ പ്രതിഷേധപ്പാച്ചില്‍ ദേശീയപാതയിലൂടെ സുരേഷ് ബിച്ചാര്‍ ഓടുന്നതിന്‍റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സിക്കാറിലെ ഡിഫന്‍സ് അക്കാദമിയില്‍ പരിശീലനം നേടുകയാണ് സുരേഷ്. 2018ല്‍ നാഗൗറില്‍ വച്ച് നടന്ന സൈനിക റിക്രൂട്ട്മെന്‍റില്‍ നാല് മിനിറ്റ് നാല് സെക്കന്‍ഡിനുള്ളില്‍ 1600 മീറ്റര്‍ മറികടന്ന് റെക്കോഡ് സൃഷ്‌ടിച്ചിരുന്നു.
ഡല്‍ഹിയിലെത്തി നാഗൗര്‍ എംപി ഹനുമാന്‍ ബെനിവാളിനെ കണ്ട സുരേഷ് സൈനിക റിക്രൂട്ട്മെന്‍റ് വൈകുന്നതില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കി. വിഷയം ലോക്‌സഭയില്‍ ഉന്നയിക്കുമെന്ന് ബെനിവാള്‍ വ്യക്തമാക്കി. സുരേഷുമൊന്നിച്ചുള്ള ചിത്രവും ബെനിവാല്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.