മുംബൈ:തമിഴ്‌നാട്ടിലെ ഒരു വീട്ടിൽ നിന്ന് 50 ലക്ഷം രൂപ കൊള്ളയടിച്ച കേസിൽ രണ്ട് പേര്‍ അറസ്റ്റില്‍. പിടിയിലായവരില്‍ ഒരാള്‍ 19 വയസുകാരനും മറ്റൊരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളുമാണ്. സേലത്തെ മോഹൻകുമാർ ജഗതഗി എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. ഇയാളുടെ വീട്ടിലെ ജോലിക്കാരായിരുന്നു ഇരുവരും. മോഷണം നടത്തിയ ശേഷം രാജസ്ഥാനിലെ സ്വന്തം നാട്ടിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.
50 ലക്ഷം രൂപ മോഷ്‌ടിച്ച പ്രതികള്‍ പിടിയില്‍ - ജുവനൈല്‍ കേസ്
സേലത്തെ വീട്ടില്‍ നിന്ന് മോഷണം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതികളെ മഹാരാഷ്‌ട്രയില്‍ നിന്നാണ് പിടികൂടിയത്.
ബാർമർ ജില്ലയിലെ ഖഡാലി ഗ്രാമത്തിൽ നിന്നുള്ള മംഗൽറാം അസുരം ബിഷ്നോയിയാണ് പ്രതികളിൽ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തമിഴ്‌നാട് പൊലീസിന്‍റെയും ജൽഗാവ് പൊലീസിന്‍റെയും സംയുക്ത നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്. മെയ് 20ന് ഇരുവരും ചെന്നൈ-അഹമ്മദാബാദ് നവജീവൻ എക്‌സ്പ്രസിൽ ചെന്നൈയില്‍ നിന്നും യാത്ര ആരംഭിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രാദേശിക ക്രൈംബ്രാഞ്ചിലെ ഒരു സംഘമാണ് മൽക്കാപൂരിനും ജൽഗാവിനും ഇടയിൽ നിന്ന് പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് 38 ലക്ഷം രൂപ പിടിച്ചെടുത്തു. പ്രതികളെ രണ്ട് പേരെയും തമിഴ്‌നാട് പൊലീസിന് കൈമാറി.