രാജസ്ഥാന്‍: കഥകളുടെ നാടാണ് ജയ്‌പൂർ. ഓരോ ഗ്രാമങ്ങള്‍ക്കും ഒട്ടേറെ കഥകളാണ് ഇവിടെ പറയാനുള്ളത്. ചില കഥകള്‍ നമ്മെ ആവേശം കൊള്ളിക്കുമ്പോൾ മറ്റ് ചിലത് ഭയപ്പെടുത്തുന്നതാണ്. ഇത്തരത്തിൽ ഒരു കഥയാണ് ചുരു ജില്ലയിലെ ഉര്‍സര്‍ ഗ്രാമത്തിന് പറയാനുള്ളത്. ഈ ഗ്രാമത്തിലെ വീടുകൾക്ക് രണ്ടാം നില പണിയുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്. ചുരു ജില്ലയിലെ ഉര്‍സര്‍ ഗ്രാമത്തിലാണ് ഇപ്പോഴും ജനങ്ങള്‍ ചില വിശ്വാസങ്ങളില്‍ അഭയം തേടുന്നത്.
കഥകളുറങ്ങുന്ന ജയ്‌പൂര്‍; രണ്ടാംനില നിര്‍മിക്കുന്നത് ശാപമെന്ന് വിശ്വാസം - രണ്ടാംനില
ഭൂമിയ എന്ന ഒരു പ്രാദേശിക ദേവനാണ് ഈ കഥയിലെ മുഖ്യ കഥാപാത്രം. ഈ ദേവന്‍റെ ശാപമാണത്രേ ഈ ഗ്രാമത്തെ ഗ്രസിച്ചിരിക്കുന്നത്.
ഭൂമിയ എന്ന ഒരു പ്രാദേശിക ദേവനാണ് ഈ കഥയിലെ മുഖ്യ കഥാപാത്രം. ഈ ദേവന്‍റെ ശാപമാണത്രേ ഈ ഗ്രാമത്തെ ഗ്രസിച്ചിരിക്കുന്നത്. പശുക്കളെ ആരാധിച്ചിരുന്ന ഭൂമിയ എന്നു പേരുള്ള ഒരു വ്യക്തി 700 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ജീവിച്ചിരുന്നെന്ന് പറയപ്പെടുന്നു. തൊട്ടടുത്ത ഗ്രാമമായ അസപലസാറില്‍ നിന്നാണ് അയാള്‍ വിവാഹം ചെയ്തത്. ഒരിക്കല്‍ ഗ്രാമത്തില്‍ ചില കൊള്ളക്കാര്‍ പശുക്കളെ മോഷ്ടിച്ച് കൊണ്ടുപോകുന്നത് ഭൂമിയ കാണാനിടയായി. പശുക്കളെ കള്ളന്മാരില്‍ നിന്നും മോചിപ്പിക്കുവാന്‍ വേണ്ടി അവരോട് ഏറ്റുമുട്ടിയ അയാള്‍ക്ക് പരിക്കേറ്റു. പരിക്കു പറ്റിയ ഭൂമിയ തന്‍റെ അമ്മായിയമ്മയുടെ വീട്ടിലേക്ക് പോയി. അവിടെ രണ്ടാം നിലയിലുള്ള ഒരു മുറിയില്‍ ജീവന്‍ രക്ഷിക്കാനായി ഒളിച്ചിരുന്നു.
എന്നാല്‍ കൊള്ളക്കാര്‍ ഈ വീട്ടിലെത്തി ആ വീട്ടിലെ അംഗങ്ങളെ ആക്രമിച്ചു. ഭയന്നു പോയ വീട്ടുകാര്‍ ഭൂമിയ എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് കൊള്ളക്കാര്‍ക്ക് കാണിച്ചു കൊടുത്തു. അയാളെ കണ്ടെത്തിയ കൊള്ളക്കാര്‍ അയാളുടെ തലവെട്ടി. ഈ സംഭവത്തില്‍ കടുത്ത നിരാശയിലായ ഭൂമിയയുടെ ഭാര്യ ഗ്രാമീണരെ ശപിച്ചു. പിന്നീട് ഭൂമിയ ഉർസറിലെ ദൈവികപ്രതീകമായി മാറുകയും അവിടെ ഭൂമിയക്കായി ഒരു ക്ഷേത്രം നിര്‍മിക്കുകയും ചെയ്തു. ഇവിടുത്തെ ആളുകൾ ഭൂമിയയുടെ ഭാര്യയുടെ ശാപം നിലനില്‍ക്കുന്നുവെന്ന് വിശ്വസിക്കുന്നു. വീടിന് രണ്ടാം നില നിര്‍മിക്കുന്നത് ശാപമായി കണക്കാക്കുകയാണ് ഇന്നും ഉര്‍സര്‍ ഗ്രാമത്തിലുള്ളവര്‍.