ഭരത്‌പൂർ (രാജസ്ഥാൻ ): വിദ്യാർഥിനിയായ പ്രണയിനിയെ വിവാഹം ചെയ്യുന്നതിന് ലിംഗമാറ്റ ശസ്‌ത്രക്രിയയ്ക്ക് വിധേയയായി അധ്യാപിക. ഭരത്‌പൂരിലെ സർക്കാർ സെക്കൻഡറി സ്‌കൂളിൽ ഫിസിക്കൽ എജുക്കേഷൻ അധ്യാപികയായ മീര കുന്തൽ ആണ് വിദ്യാർഥിനിയും കബഡി താരവുമായ കൽപനയെ വിവാഹം ചെയ്യുന്നതിന് ലിംഗമാറ്റ ശസ്‌ത്രക്രിയയ്ക്ക് വിധേയയായി ആരവ് ആയി മാറിയത്. ശസ്ത്രക്രിയ വിജയകരമായതിന് ശേഷം നവംബർ നാലിന് ഇരുകുടുംബങ്ങളുടെയും സമ്മതത്തോടെ ഇരുവരും വിവാഹിതരായി. പരമ്പരാഗത ആചാരപ്രകാരമായിരുന്നു വിവാഹം.
മൂന്ന് വർഷം മുൻപാണ് മീരയും കൽപനയും പ്രണയത്തിലാകുന്നത്. മീരയുടെ കബഡിയിലെ വിദ്യകൾ കണ്ട് കബഡി താരമായ കൽപനയ്ക്ക് മീരയോട് പ്രണയം പൂവിടുകയായിരുന്നു. തുടർന്ന് കൽപനയെ വിവാഹം ചെയ്യാൻ ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്താൻ ദേശീയ ക്രിക്കറ്റ്, ഹോക്കി താരം കൂടിയായ മീര തീരുമാനിച്ചു. 2019ൽ ആരംഭിച്ച ശസ്‌ത്രക്രിയ നടപടികൾ 2022 ഫെബ്രുവരിയിലാണ് വിജയകരമായി പൂർത്തിയായത്. ശസ്ത്രക്രിയ കാലയളവിൽ ഉടനീളം ആരവിന് പിന്തുണയുമായി കൽപനയും ഒപ്പമുണ്ടായിരുന്നു.
വീരി സിങ്ങിന്‍റെ നാല് പെൺമക്കളിൽ ഇളയവളായിരുന്നു മീര. ഇപ്പോൾ തനിക്ക് മൂന്ന് പെൺമക്കളും ഒരു മകനുമാണെന്ന് വീരി സിങ് പറയുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് മീര ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഞങ്ങൾ എല്ലാവരും പിന്തുണച്ചു. ഇപ്പോൾ തന്‍റെ മറ്റ് പെൺമക്കൾ മീരയെ സഹോദരനായി കണ്ട് രാഖി കെട്ടുകയാണെന്നും വീരി സിങ് പറയുന്നു.